ഓണക്കാലത്ത് കേരളത്തില്‍ മദ്യവില്‍പനയില്‍ വന്‍ വര്‍ധന രേഖപ്പെടുത്തി. ഉത്രാടം വരെയുള്ള എട്ട് ദിവസത്തിനുള്ളില്‍ ബെവ്‌കോയും കണ്‍സ്യൂമര്‍ഫെഡും ചേര്‍ന്ന് 771.29 കോടി രൂപയുടെ മദ്യം വിറ്റഴിച്ചു. ഉത്രാട ദിനത്തില്‍ മാത്രം 126.31 കോടി രൂപയുടെ വില്‍പ്പന നടന്നു, ഇത് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വലിയ വര്‍ധനവാണ്.
തിരുവനന്തപുരം: ഓണക്കാലത്ത് സംസ്ഥാനത്ത് മദ്യവില്‍പനയില്‍ വന്‍ വര്‍ധനവ്. ഉത്രാടം വരെയുള്ള എട്ട് ദിവസത്തിനിടെ 771.29 കോടി രൂപയുടെ മദ്യമാണ് ബെവ്‌കോയും കണ്‍സ്യൂമര്‍ഫെഡും വഴി വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ എട്ട് ദിവസങ്ങളില്‍ 694.96 കോടി രൂപയുടെ മദ്യവില്‍പന നടന്ന സ്ഥാനത്താണ് ഈ വര്‍ധന.
ഉത്രാട നാളില്‍ മാത്രം 126 കോടി
ഉത്രാട ദിനത്തില്‍ മാത്രം സംസ്ഥാനത്ത് 126.31 കോടി രൂപയുടെ മദ്യവില്‍പന നടന്നുവെന്നാണ് സര്‍ക്കാരിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. കണ്‍സ്യൂമര്‍ഫെഡിന്റെ ഉടമസ്ഥതയിലുള്ള ഔട്ട്‌ലെറ്റുകള്‍ വഴി മാത്രം ഉത്രാടത്തിന് 20 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്. ഓണത്തോടനുബന്ധിച്ച് ബെവ്‌കോയുടെയും കണ്‍സ്യൂമര്‍ഫെഡിന്റെയും പ്രമുഖ ഔട്ട്‌ലെറ്റുകളിലെല്ലാം വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. മലയാളി ഓണാഘോഷത്തില്‍ മദ്യത്തിന് കുറവൊന്നും വരുത്തിയില്ലെന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ഏത് ഔട്ട്‌ലെറ്റിലാണ് ഏറ്റവും കൂടുതല്‍ മദ്യം വിറ്റഴിച്ചതെന്ന വിവരം സംസ്ഥാന സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല.




