‘അത് കുറുപ്പല്ല’; പൊലീസ് കണ്ടെത്തിയ പാസ്പോര്‍ട്ട് സുകുമാരക്കുറുപ്പിന്റേതല്ല, വടക്കാഞ്ചേരി സ്വദേശി ദാമോദര മേനോന്റേതെന്ന് സഹോദരന്‍

നാട്ടിലെ വീട്ടുകാരുമായി ഇദ്ദേഹം നിരന്തരം ബന്ധപ്പെടാറുണ്ടെന്നും ഒരു മാസം മുമ്പും വീട്ടിലേക്ക് വിളിച്ചിരുന്നതായി സഹോദരന്‍ പറഞ്ഞു.
പാലക്കാട്: സുകുമാരക്കുറുപ്പിന്റേതെന്ന് സംശയിച്ച് പൊലീസ് ശേഖരിച്ച പാസ്പോര്‍ട്ട് തൃശൂര്‍ വടക്കാഞ്ചേരി കരുമത്ര സ്വദേശിയായ ദാമോദര മേനോന്റേതാണെന്ന് സ്ഥിരീകരണം. ദാമോദര മേനോന്റെ സഹോദരന്‍ കരുണാകരനാണ് ഇക്കാര്യം ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കിയത്. 40 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ദാമോദര മേനോന്‍ മലേഷ്യയിലേക്ക് പോയത്. പാലക്കാട് സ്വദേശിനിയെ അദ്ദേഹം അവിടെവെച്ച് വിവാഹം കഴിച്ചു. ഇവര്‍ക്ക് രണ്ട് മക്കളുണ്ട്. നിലവില്‍ ഒരു അപകടത്തില്‍പ്പെട്ട് ചികിത്സയിലാണ് അദ്ദേഹം. നാട്ടിലെ വീട്ടുകാരുമായി ഇദ്ദേഹം നിരന്തരം ബന്ധപ്പെടാറുണ്ടെന്നും ഒരു മാസം മുമ്പും വീട്ടിലേക്ക് വിളിച്ചിരുന്നതായി സഹോദരന്‍ പറഞ്ഞു.

42 വര്‍ഷമായി പൊലീസ് തെരയുന്ന കൊലക്കേസ് പ്രതി സുകുമാരക്കുറുപ്പുമായി സാദൃശ്യമുള്ള ജോണ്‍ മേനോനെക്കുറിച്ച് പൊലീസിന് നിരവധി അനൗദ്യോഗിക വിവരങ്ങള്‍ ലഭിച്ചിരുന്നു. മലേഷ്യയിലും ഇന്ത്യോനേഷ്യയിലുമുള്ള ഇന്ത്യക്കാരാണ് ചില ഉദ്യോഗസ്ഥര്‍ക്ക് വിവരം നല്‍കിയത്. ദുരൂഹ ഇടപാടുകാരനാണ് ജോണ്‍ മേനോനെന്നാണ് വിവരം. നിര്‍മ്മാണ സാധനങ്ങളുടെ കരാറില്‍ രണ്ടു വര്‍ഷം മുമ്പ് ക്രമക്കേട് നടത്തിയ സംഭവത്തില്‍ ജോണിന്റെ പാര്‍ട്ട്ണറായ പാകിസ്ഥാനിക്കെതിരെ കേസെടുത്തിരുന്നു. മലേഷ്യയിലേക്ക് കുടിയേറിയ മലയാളി കുടുംബമെന്നാണ് പരിചയപ്പെട്ട ചിലരോട് ജോണ്‍ പറഞ്ഞിരുന്നത്.

Scroll to Top