എന്റെ കേരളം പ്രദര്‍ശന വിപണന മേള; ഔദ്യോഗിക പോസ്റ്റര്‍ പ്രകാശനം ചെയ്തു
രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നടക്കുന്ന കാസര്‍കോട് ജില്ലയില്‍ എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ ഔദ്യോഗിക പോസ്റ്റര്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ കാസര്‍കോട് ടൗണ്‍ഹാളില്‍ പ്രകാശനം ചെയ്തു. ഇ ചന്ദ്രശേഖരന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍, ജില്ലാ കളക്ടര്‍ കെ ഇമ്പശേഖര്‍ തുടങ്ങിയവര്‍ സമീപം. മാലിന്യമുക്തം നവ കേരളം കാസര്‍കോട് ജില്ല മാലിന്യമുക്തമായി പ്രഖ്യാപിക്കുന്ന വേദിയിലാണ് പ്രകാശന ചടങ്ങ് സംഘടിപ്പിച്ചത്.
2025 ഏപ്രില്‍ 21 മുതല്‍ 27 വരെ പിലിക്കോട് കാലിക്കടവ് മൈതാനത്താണ് പ്രദര്‍ശന വിപണന മേള നടക്കുക. 21ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കും. ഏപ്രില്‍ 21ന് രാവിലെ 11ന് പടന്നക്കാട് ബേക്കല്‍ ക്ലബില്‍ മുഖ്യമന്ത്രി ജില്ലയിലെ വിവിധ മേഖലകളിലെ പ്രമുഖരുമായി സംവദിക്കും. സര്‍ക്കാരിന്റെ ഒന്‍പതു വര്‍ഷത്തെ നേട്ടങ്ങള്‍ നേരില്‍ കാണാനും സൗജന്യ സേവനങ്ങള്‍ നേടുന്നതിനും തീം പവലിയനുകള്‍, വിപണന സ്റ്റാളുകള്‍, ഫുഡ് കോര്‍ട്ട്, എല്ലാദിവസവും കലാപരിപാടികള്‍ എന്നിവ മേളയില്‍ ഉണ്ടാകും.