വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്ത് സൂര്യയും മമിത ബൈജുവും ഒന്നിച്ച ‘വിശ്വനാഥ് ആന്‍ഡ് സണ്‍സ്’ ബോക്‌സ് ഓഫീസില്‍ നേടിയത്
ലക്കി ഭാസ്‌കര്‍ അടക്കമുള്ള ചിത്രങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ വെങ്കി അറ്റ്‌ലൂരിക്കൊപ്പം സൂര്യ ഒരുമിക്കുന്ന ചിത്രം എന്നതായിരുന്നു വിശ്വനാഥ് ആന്‍ഡ് സണ്‍സ് എന്ന ചിത്രത്തിന്റെ പ്രധാന യുഎസ്പി. മമിത ബൈജു സൂര്യയുടെ നായികയായി എത്തുന്നു എന്നതും ചിത്രത്തിന്റെ പ്ലസ് ആയിരുന്നു. ഈ മാസം 14 ന് ആയിരുന്നു ചിത്രത്തിന്റെ റിലീസ്. ആദ്യ ഷോകള്‍ക്കിപ്പുറം തന്നെ മികച്ച പ്രേക്ഷകാഭിപ്രായം സ്വന്തമാക്കിയ ചിത്രം ബോക്‌സ് ഓഫീസിലും നേട്ടമുണ്ടാക്കി. ഇപ്പോഴിതാ ചിത്രത്തിന്റെ ഏറ്റവും പുതിയ ബോക്‌സ് ഓഫീസ് കണക്കുകള്‍ പുറത്തെത്തിയിട്ടുണ്ട്.
പ്രമുഖ ട്രാക്കര്‍മാരായ സാക്‌നില്‍കിന്റെ കണക്ക് പ്രകാരം ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് ചിത്രം നേടിയത് 188 കോടിയാണ്. ഇന്ത്യയില്‍ നിന്ന് നേടിയ ഗ്രോസ് 126 കോടിയും വിദേശത്തുനിന്ന് 61 കോടിയും. ചിത്രം ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസുമായി ചേര്‍ന്ന് സിതാര എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ സൂര്യദേവര നാഗ വംശി, സായ് സൗജന്യ എന്നിവരാണ് നിര്‍മ്മിച്ചിരിക്കുന്നത്. ശ്രീകര സ്റ്റുഡിയോസ് ആണ് ചിത്രം അവതരിപ്പിക്കുന്നത്. സൂര്യ, മമിത, രാധിക ശരത്കുമാര്‍ എന്നിവരുടെ ഗംഭീര പ്രകടനമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. സൂര്യയെ വളരെ സ്‌റ്റൈലിഷ് ആയി അവതരിപ്പിച്ച ചിത്രത്തില്‍ മാഡി എന്ന കഥാപാത്രമായി കയ്യടി നേടുന്ന പ്രകടനമാണ് മമിത ബൈജു നടത്തിയത്. സഞ്ജയ് വിശ്വനാഥ് എന്ന കഥാപാത്രമായി സൂര്യ എത്തിയ ചിത്രത്തില്‍ രവീണ ടണ്ഠന്‍, നാസര്‍, അനാര്‍ക്കലി മരക്കാര്‍, രാജീവ് മേനോന്‍, കാളി വെങ്കട്ട്, ഭവാനി ശ്രീ, സുനില്‍ റെഡ്ഡി എന്നിവരും വേഷമിട്ടിരിക്കുന്നു.
സംവിധായകന്‍ വെങ്കി അറ്റ്‌ലൂരി തന്നെയാണ് ചിത്രം രചിച്ചിരിക്കുന്നതും. സൂര്യയുടെ കരിയറിലെ നാല്പത്തിയാറാം ചിത്രമായി എത്തിയ വിശ്വനാഥ് ആന്‍ഡ് സണ്‍സ്, ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായ ലക്കി ഭാസ്‌കറിന് ശേഷം വെങ്കി അറ്റ്‌ലൂരി ഒരുക്കിയ ചിത്രമാണ്. ഛായാഗ്രഹണം – നിമിഷ് രവി, സംഗീതം- ജി വി പ്രകാശ് കുമാര്‍, എഡിറ്റര്‍ – നവീന്‍ നൂലി, പ്രൊഡക്ഷന്‍ ഡിസൈനര്‍ – ബംഗ്ലാന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – യലമഞ്ചിളി ഗോപാല കൃഷ്ണ (നാനി), ലൈന്‍ പ്രൊഡ്യൂസര്‍ – കരുമാഞ്ചി ഉമാ മഹേശ്വര റാവു, കലാസംവിധായകര്‍ – ശിവ കാമേഷ് ഡി, ജിത്തു സെബാസ്റ്റ്യന്‍.



