മംഗളൂരു മേഖല പാലക്കാട് ഡിവിഷനില്‍ നിന്ന് മാറ്റുന്നത് പുനഃപരിശോധിക്കണം: മന്ത്രാലയത്തിന് കത്ത് നല്‍കി സതേണ്‍ റെയില്‍വേ ZRUCC അംഗം ടി ഹരികൃഷ്ണന്‍

ദില്ലി: മംഗളൂരു റെയില്‍വേ മേഖല പാലക്കാട് ഡിവിഷനില്‍ നിന്ന് വേര്‍പ്പെടുത്തി മൈസൂരു ഡിവിഷനിലേക്ക് മാറ്റാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് സതേണ്‍ റെയില്‍വേ ZRUCC അംഗം അഡ്വ. ടി ഹരികൃഷ്ണന്‍. ഇത് സംബന്ധിച്ച് റെയില്‍വേ മന്ത്രാലയത്തിന് കത്ത് നല്‍കി. മംഗളൂരുവിന്റെയോ കര്‍ണാടകയുടെയോ വികസനത്തെ എതിര്‍ക്കുന്ന നിലപാടല്ലെന്നും എന്നാല്‍ ഒരു പ്രദേശത്തിന്റെ വികസനം മറ്റൊരു പ്രദേശത്തെ റെയില്‍വേ സംവിധാനത്തെ ദുര്‍ബലപ്പെടുത്തുന്ന രീതിയിലാകരുതെന്നുമാണ് ആവശ്യം.

മംഗളൂരു മേഖല പതിറ്റാണ്ടുകളായി പാലക്കാട് ഡിവിഷന്റെ പ്രവര്‍ത്തന സംവിധാനത്തിന്റെ ഭാഗമാണെന്നും, ഇതിന്റെ മാറ്റം പാലക്കാട് ഡിവിഷന്റെ സാമ്പത്തിക-പ്രവര്‍ത്തന ശേഷിയെയും മലബാറിന്റെയും വടക്കന്‍ കേരളത്തിന്റെയും ഭാവി റെയില്‍വേ വികസനത്തെയും ബാധിക്കാനുള്ള സാധ്യത പരിശോധിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു. സേലം ഡിവിഷന്‍ രൂപീകരണത്തോടെ പാലക്കാട് ഡിവിഷന്റെ വലിയൊരു ഭാഗം നേരത്തെ തന്നെ വേര്‍പെടുത്തിയിരുന്നുവെന്നും പാലക്കാട് വാഗണ്‍ നിര്‍മ്മാണ ഫാക്ടറി ഉള്‍പ്പെടെയുള്ള വികസന പ്രതീക്ഷകള്‍ ഇതുവരെ യാഥാര്‍ഥ്യമായിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കത്ത്.

മംഗളൂരു മേഖല മാറ്റുന്നതിലൂടെ പാലക്കാട് ഡിവിഷനുണ്ടാകുന്ന വരുമാന-പ്രവര്‍ത്തന നഷ്ടം സംബന്ധിച്ച ഔദ്യോഗിക കണക്കുകളും, യാത്രക്കാരുടെ സൗകര്യം, ട്രെയിന്‍ സര്‍വീസുകള്‍, ചരക്ക് ഗതാഗതം, ജീവനക്കാരുടെ താല്‍പര്യങ്ങള്‍ എന്നിവയിലുള്ള ആഘാതവും റെയില്‍വേ ബോര്‍ഡ് വ്യക്തമാക്കണം. മാറ്റം അനിവാര്യമാണെങ്കില്‍ പാലക്കാട് ഡിവിഷനെ ശക്തിപ്പെടുത്തുന്നതിനും മലബാറിന്റെയും വടക്കന്‍ കേരളത്തിന്റെയും റെയില്‍വേ വികസനം ഉറപ്പാക്കുന്നതിനുമായി വ്യക്തമായതും സമയബന്ധിതവുമായ വികസന പാക്കേജ് പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടാണ് കത്ത്.

Scroll to Top