രാഹുല്‍ മാങ്കൂട്ടത്തിലിന് ആശ്വാസം; ലൈംഗിക പീഡന കേസില്‍ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

ലൈംഗിക പീഡന കേസില്‍ രാ?ഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. പരാതി രാഷ്ട്രീയപ്രേരിതമെന്നും അറസ്റ്റ് തടയണമെന്നുമായിരുന്നു രാഹുലിന്റെ വാദം. രാഹുലിന് വേണ്ടി അഡ്വക്കേറ്റ് എസ് രാജീവാണ് ഹാജരായത്. തിരുവനന്തപുരം സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയതിന് പിന്നാലെയാണ് രാഹുല്‍ ഹൈക്കോടതിയെ സമീപിച്ചത്. അതിജീവിത പരാതി നല്‍കിയത് ശരിയായ ദിശയിലല്ലെന്നും പരാതി നല്‍കാന്‍ വൈകിയെന്നും ഹര്‍ജിയില്‍ പറയുന്നു. അന്വേഷണവുമായി സഹകരിക്കും. താന്‍ നിരപരാധിയാണെന്നും ഹര്‍ജിയില്‍ പറയുന്നു.

അതേസമയം പത്താംദിനവും രാഹുലിനെ കണ്ടെത്താനാകാതെ അന്വേഷണസംഘം. രാഹുല്‍ മംഗലാപുരം കേന്ദ്രീകരിച്ച് ഒളിവില്‍ കഴിയുന്നതായാണ് അന്വേഷണസംഘം കരുതുന്നത്. തമിഴ്‌നാട്, കര്‍ണാടക അതിര്‍ത്തികളില്‍ പോലീസ് പരിശോധന നടത്തി.

വയനാട്ടിലെ മുത്തങ്ങ, ബാവലി, തോല്‍പ്പെട്ടി, താളൂര്‍ ഉള്‍പ്പെടെയുള്ള ചെക്ക് പോസ്റ്റുകളില്‍ ആണ് പരിശോധന നടന്നത്. ഇതിനിടെ അന്വേഷണസംഘത്തെ കബളിപ്പിക്കാന്‍ ദൃശ്യം മാതൃകയില്‍ മൊബൈല്‍ ഫോണ്‍ കൈമാറിയതായും എസ്‌ഐടിക്ക് സംശയമുണ്ട്. നേതൃത്വമാകെ തള്ളി പറഞ്ഞെങ്കിലും പതിവ് പോലെ രാഹുലിന്റെ പാലക്കാട്ടെ എംഎല്‍എ ഓഫീസ് തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. അതിജീവിതയെ അധിക്ഷേപിച്ചെന്ന പരാതിയില്‍ രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷയില്‍ കോടതി ഇന്നും വാദം കേള്‍ക്കും.

Scroll to Top