ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം: പിഎംഎല്‍എ നിയമപ്രകാരം കേസെടുത്ത് ഇഡി, വധശ്രമക്കേസില്‍ ഇതാദ്യം

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തില്‍ പിഎംഎല്‍എ നിയമപ്രകാരം കേസെടുത്ത് ഇഡി. പൊലീസ് കേസിലെ മുഴുവന്‍ പ്രതികളെയും ഇഡി കേസിലും പ്രതികളാക്കി. ഉദ്യോഗസ്ഥരെ ആക്രമിച്ചതിന് പിന്നില്‍ കള്ളപ്പണ ഇടപാടുണ്ടോ എന്നാണ് ഇഡി അന്വേഷിക്കുന്നത്.
കൊച്ചി: മാസപ്പടിക്കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയില്‍ റെയ്ഡ് നടത്തി മടങ്ങുന്നതിനിടെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തില്‍ പിഎംഎല്‍എ നിയമപ്രകാരം കേസെടുത്ത് ഇഡി. പൊലീസ് കേസിലെ മുഴുവന്‍ പ്രതികളെയും ഇഡി കേസിലും പ്രതികളാക്കി. ഉദ്യോഗസ്ഥരെ ആക്രമിച്ചതിന് പിന്നില്‍ കള്ളപ്പണ ഇടപാടുണ്ടോ എന്നാണ് ഇഡി അന്വേഷിക്കുന്നത്. അന്വേഷണം നേരിടുന്നവരില്‍നിന്ന് പണമിടപാട് ഉണ്ടായിട്ടുണ്ടോ എന്നാണ് പരിശോധന. കേസിലെ ഗൂഢാലോചനയും അന്വേഷിക്കും. സംഭവസമയം സ്ഥലത്ത് ഉണ്ടായിരുന്ന നേതാക്കള്‍ക്ക് എതിരെയും അന്വേഷണം നടത്തും. വധശ്രമക്കേസില്‍ പിഎംഎല്‍എ ചുമത്തുന്നത് ഇതാദ്യമാണ്.

ഇക്കഴിഞ്ഞ മെയ് മാസം 27നാണ് പിണറായി വിജയന്റെ സ്വകാര്യ വസതിയില്‍ റെയ്ഡ് നടത്തി കാറില്‍ മടങ്ങിയ ഇഡി ഉദ്യോഗസ്ഥരെ സിപിഎം പ്രവര്‍ത്തകര്‍ ചേര്‍ന്ന് ആക്രമിച്ചത്. സംഭവത്തില്‍ 27 പേരെ ആണ് പൊലീസ് പ്രതിചേര്‍ത്തിരുന്നത്. പിഎംഎല്‍എ നിയമത്തില്‍ വധശ്രമവും ഗൂഢാലോചനയും ഷെഡ്യൂള്‍ ഒഫന്‍സില്‍ വരുന്ന കുറ്റകൃത്യങ്ങളാണെന്നതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് എഫ്‌ഐആറില്‍ പ്രതിചേര്‍ത്തവരെ ഇഡിയും പ്രതികളാക്കിയത്. പൊലീസ് അന്വേഷണം കേസിന്റെ ഗൂഢാലോചനയിലേക്ക് നീളാത്തതില്‍ ഇഡിക്ക് അതൃപ്തി ഉണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് കേസിലെ ഗൂഢാലോചന ഉള്‍പ്പെടെ അന്വേഷിക്കാന്‍ ഇഡി ഒരുങ്ങുന്നത്.

Scroll to Top