കാസര്‍കോട്: കാസര്‍കോട് നഗരത്തിലെ പ്രധാന മത്സ്യവിപണന കേന്ദ്രമായ നഗരസഭയുടെ ഉടമസ്ഥതയിലുള്ള മത്സ്യ മാര്‍ക്കറ്റ് ആധുനിക സൗകര്യങ്ങളോടു കൂടിയ വിശാലമായ മത്സ്യ മാര്‍ക്കറ്റ് സമുച്ചയമായി പുനര്‍നിര്‍മ്മിക്കണം എന്നാവശ്യപ്പെട്ട് നഗരസഭാ ചെയര്‍പേഴ്‌സന്‍ ഷാഹിന സലീം, കല്ലട്ര മാഹിന്‍ എം.എല്‍.എയുടെ സാന്നിദ്ധ്യത്തില്‍ ഫിഷറീസ് വകുപ്പ് മന്ത്രി വി.ഇ. അബ്ദുല്‍ ഗഫൂറിന് നിവേദനം നല്‍കി. നിലവിലെ മത്സ്യ മാര്‍ക്കറ്റ് നിരവധി അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത മൂലം ഗുരുതരമായ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് നഗരസഭയുടെ ഇടപെടല്‍.
സംസ്ഥാന ഫിഷറീസ് ബോര്‍ഡ് നിര്‍മ്മിച്ച് നഗരസഭയ്ക്ക് കൈമാറിയ നിലവിലെ കെട്ടിടം പ്രദേശത്തിന്റെ ആവശ്യങ്ങള്‍ക്കും ഭൂപ്രകൃതിക്കും അനുയോജ്യമല്ലാത്ത രീതിയിലാണ് നിലവിലുള്ളതെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. മത്സ്യ മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനുള്ള സംവിധാനങ്ങളുടെ അഭാവം, അപര്യാപ്തമായ ഡ്രെയിനേജ്, ശുചിത്വ പ്രശ്‌നങ്ങള്‍, വായുസഞ്ചാരക്കുറവ്, പാര്‍ക്കിംഗ് സൗകര്യങ്ങളുടെ അപര്യാപ്തത തുടങ്ങിയ നിരവധി പ്രശ്‌നങ്ങളാണ് മാര്‍ക്കറ്റ് നേരിടുന്നത്. ഇതുമൂലം മത്സ്യവ്യാപാരികള്‍ക്കും ഉപഭോക്താക്കള്‍ക്കും ഏറെ ബുദ്ധിമുട്ട് അനുഭവിക്കേണ്ടിവരുന്ന സാഹചര്യമാണ് നിലവിലുള്ളത്.
കാസര്‍കോട് നഗരത്തിന്റെ ദീര്‍ഘകാല വികസന ആവശ്യകത കണക്കിലെടുത്ത് നിലവിലെ മാര്‍ക്കറ്റിന് ശാശ്വത പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് നഗരസഭ പദ്ധതി മുന്നോട്ടുവയ്ക്കുന്നത്. നിലവിലെ മാര്‍ക്കറ്റിനോട് ചേര്‍ന്നുള്ള അനുയോജ്യമായ സ്ഥലങ്ങളും കെട്ടിടങ്ങളും കൂടി ഏകോപിപ്പിച്ച് ആധുനിക സൗകര്യങ്ങളോടുകൂടിയ വിശാലമായ മത്സ്യ മാര്‍ക്കറ്റ് സമുച്ചയം നിര്‍മ്മിക്കാനാണ് നഗരസഭ ലക്ഷ്യമിടുന്നത്. പദ്ധതിയുടെ വിശദമായ പദ്ധതി റിപ്പോര്‍ട്ട് (DPR) തയ്യാറാക്കുന്നതിനായി നഗരസഭയുടെ ബജറ്റില്‍ ഇതിനകം തുക വകയിരുത്തിയിട്ടുള്ളതിനാല്‍ പദ്ധതിയുടെ തുടര്‍നടപടികള്‍ വേഗത്തില്‍ ആരംഭിക്കാന്‍ സാധിക്കുന്ന സാഹചര്യമുണ്ടെന്നും നിവേദനത്തില്‍ വ്യക്തമാക്കി.
പദ്ധതിക്ക് സംസ്ഥാന ഫിഷറീസ് ബോര്‍ഡില്‍ നിന്ന് 25 കോടി രൂപയുടെ ധനസഹായം അനുവദിക്കുന്നതിനും ആവശ്യമായ ഭരണപരവും സാങ്കേതികവുമായ അനുമതികള്‍ അടിയന്തരമായി ലഭ്യമാക്കുന്നതിനും മന്ത്രി ഇടപെടണമെന്ന് നഗരസഭ നിവേദനത്തില്‍ ആവശ്യപ്പെട്ടു. കാസര്‍കോട് നഗരത്തിലെ മത്സ്യവ്യാപാരികള്‍ക്കും ആയിരക്കണക്കിന് ഉപഭോക്താക്കള്‍ക്കും നേരിട്ട് പ്രയോജനപ്പെടുന്ന പദ്ധതിയാണിത്. മത്സ്യ വിപണന മേഖലയെ കൂടുതല്‍ ശുചിത്വപരവും ശാസ്ത്രീയവും സുരക്ഷിതവുമാക്കുന്നതിനൊപ്പം നഗരത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനും പദ്ധതി നിര്‍ണായകമാകുമെന്നാണ് നഗരസഭയുടെ വിലയിരുത്തല്‍.
നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ കെ.എം ഹനീഫ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ സമീന മുജീബ്, മെഹ്‌റുന്നിസ ഹമീദ്, ജാഫര്‍ കമാല്‍, മുന്‍ മന്ത്രി സി.ടി. അഹമ്മദ് അലി, മുനിസിപ്പല്‍ മുസ്ലിം ലീഗ് പ്രസിഡന്റ് കെ.എം. ബഷീര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.




