കേരളത്തിന് മൂന്നാം വന്ദേഭാരത്; പുതിയ സര്‍വീസ് എറണാകുളം – ബെംഗളൂരു റൂട്ടില്‍

തിരുവനന്തപുരം: എറണാകുളം- ബെംഗളൂരു റൂട്ടില്‍ പുതിയ വന്ദേഭാരത് ട്രെയിന്‍ അനുവദിക്കുമെന്നു കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. നവംബര്‍ പകുതിയോടെ സര്‍വീസ് ആരംഭിക്കുമെന്ന് ഉറപ്പു ലഭിച്ചതായി അദ്ദേഹം എഫ്ബി പോസ്റ്റില്‍ പറഞ്ഞു.

ഐടി മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് സര്‍വീസ് ഏറെ പ്രയോജനം ചെയ്യും. നിലവില്‍ ഉല്‍സവ സീസണിലും വിശേഷ ദിവസങ്ങളിലും ബെംഗളൂരുവിലേയ്ക്കു വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ബസുകള്‍ അമിത നിരക്ക് ഈടാക്കുന്ന സ്ഥിതിയുണ്ട്. പുതിയ വന്ദേഭാരത് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ കത്തു നല്‍കിയിരുന്നുവെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

അതേസമയം, ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പുകള്‍ ദക്ഷിണ റെയില്‍വേയ്ക്ക് ലഭിക്കാന്‍ കുറച്ചുകൂടി സമയമെടുക്കും എന്നാണ് വിവരം. ട്രെയിന്‍ സര്‍വീസ് നടത്തുന്നതുമായി ബന്ധപ്പെട്ട ചില സാങ്കേതിക പ്രശ്നങ്ങള്‍ കൂടി കണക്കിലെടുത്താവും നടപടി ക്രമങ്ങള്‍ പുരോഗമിക്കുക. നിലവിലെ സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിച്ച ശേഷമാകും വന്ദേഭാരതിന്റെ സമയക്രമം അടക്കം തീരുമാനിക്കുക. പാലക്കാട് മുതല്‍ കോയമ്പത്തൂര്‍ വരെയുള്ള ഭാഗങ്ങളില്‍ രാത്രിയില്‍ വേഗനിയന്ത്രണമുണ്ട്. ഇത് വന്ദേഭാരത് സര്‍വീസ് നടത്തുന്നതിന് തടസമായി നില്‍ക്കുകയായിരുന്നു.

ഈ സാഹചര്യത്തില്‍ വൈകിട്ട് ആറു മണിക്ക് മുമ്പ് ഈ ഭാഗം കടക്കേണ്ടതുണ്ട്. അങ്ങനെയെങ്കില്‍ വെളുപ്പിനെ ബെംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് ഉച്ചയോടെ കൊച്ചിയിലെത്തി അപ്പോള്‍ തന്നെ മടങ്ങുന്ന രീതിയില്‍ ക്രമീകരിച്ചാല്‍ മാത്രമേ ആറു മണിക്ക് മുമ്പ് വേഗനിയന്ത്രണമുള്ള ഭാഗങ്ങള്‍ കടക്കാന്‍ കഴിയൂ. ഇക്കാര്യങ്ങള്‍ കൂടി തീരുമാനിച്ച ശേഷമാകും സമയക്രമം വ്യക്തമാവുകയുള്ളൂ എന്ന് റെയില്‍വേ വൃത്തങ്ങള്‍ വ്യക്തമാക്കി.

എറണാകുളം – ബെംഗളൂരു റൂട്ടില്‍ പുതിയ വന്ദേ ഭാരത് ട്രെയിന്‍ അനുവദിച്ചത് സ്വാഗതാര്‍ഹമെന്ന് ഹൈബി ഈഡന്‍ എംപി അറിയിച്ചു. പുതിയ വന്ദേഭാരത് ട്രെയിന്‍ ഓടിക്കുന്നത് യാത്രികര്‍ക്കും, റെയില്‍വേയ്ക്കും ഒരുപോലെ ലാഭകരമാണെന്നും, ഇക്കാര്യം വ്യക്തമായ രേഖകളുടെയും സ്ഥിതി വിവര കണക്കുകളുടെയും അടിസ്ഥാനത്തില്‍ റെയില്‍വേ മന്ത്രിയെയും, റെയില്‍വേയിലെ വിവിധ തലങ്ങളിലുള്ള ഉദ്യോഗസ്ഥ വൃന്ദത്തെയും ബോധ്യപ്പെടുത്തി വരികയായിരുന്നു എന്നും ഹൈബി ഈഡന്‍ എംപി പറഞ്ഞു.

Scroll to Top