കാസര്‍കോട്: കൂടുതല്‍ ടൂറിസ്റ്റുകളെ കാസര്‍കോട് നഗരത്തിലേക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി കാസര്‍കോട് നെല്ലിക്കുന്ന് കടപ്പുറത്ത് കാസര്‍കോട് നഗരസഭ നിര്‍മ്മിക്കുന്ന ബീച്ച് പാര്‍ക്കിന്റെ വിശദ പദ്ധതി റിപ്പോര്‍ട്ട് (ഡി.പി.ആര്‍) മുന്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി സി.ടി അഹമ്മദലി പ്രകാശനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ അബ്ബാസ് ബീഗം അദ്ധ്യക്ഷത വഹിച്ചു. അമൃത് 2.0 പദ്ധതിയില്‍ ഉള്‍പ്പെടുത്തി നെല്ലിക്കുന്ന് ലൈറ്റ് ഹൗസിന് എതിര്‍വശമാണ് ബീച്ച് പാര്‍ക്ക് നിര്‍മ്മിക്കുന്നത്. ഒരു കോടി 61 ലക്ഷം രൂപ ബീച്ച് പാര്‍ക്ക് പദ്ധതിക്കായി അനുവദിച്ചിട്ടുണ്ട്. കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളുടെയും കാസര്‍കോട് നഗരസഭയുടെയും സംയുക്ത പദ്ധതിയാണ് ബീച്ച് പാര്‍ക്ക്. പാര്‍ക്ക് നിര്‍മ്മാണത്തിനുള്ള കേന്ദ്രാനുമതി ഈ വര്‍ഷം മാര്‍ച്ച് 16 ന് ലഭിച്ചിരുന്നു.
വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സഹീര്‍ ആസിഫ് ചടങ്ങില്‍ സ്വാഗതം പറഞ്ഞു. വൈസ് ചെയര്‍പേഴ്‌സണ്‍ ഷംസീദ ഫിറോസ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ ഖാലിദ് പച്ചക്കാട്, രജനി കെ, കൗണ്‍സിലര്‍മാരായ ഉമ എം, പി രമേഷ്, ലളിത എം, മുഷ്താഖ് ചേരങ്കൈ, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ആയിഷ ഇബ്രാഹിം, അമൃത് പ്രതിനിധി റാഫി സംസാരിച്ചു. സീനിയര്‍ ക്ലര്‍ക്ക് ഷുക്കൂര്‍ നന്ദി പറഞ്ഞു.




