കാസര്‍കോട്: പി.എം. ശ്രീ പദ്ധതിയില്‍ ഒപ്പുവെച്ചതിലൂടെ ആര്‍.എസ്.എസ് കുഴലൂത്ത് നടത്തുന്ന ഇടതു സര്‍ക്കാരിനെതിരെ ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് കാസര്‍കോട് നിയോജകമണ്ഡലം കമ്മിറ്റി ശക്തമായ പ്രതിഷേധം അറിയിച്ചു.
യൂത്ത് കോണ്‍ഗ്രസ് കാസര്‍കോട് നിയോജകമണ്ഡലം പ്രസിഡന്റ് ആബിദ് എടച്ചേരി അധ്യക്ഷനായ യോഗത്തിലാണ് പ്രമേയം പാസാക്കിയത്. യോഗത്തില്‍ കോണ്‍ഗ്രസ് മീഡിയ സെല്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഷാഹിദ് പുലികുന്ന് മുഖ്യതിഥിയായി. യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളായ നരസിംഹന്‍ ചേരൂര്‍, ശംസുദ്ധീന്‍ ചെറുണി, സാജിദ് കുണ്ടില്‍, ഇമ്ത്തിയാസ്, മുഹമ്മദ് സവാദ്, നിയാസ് തുടങ്ങിയവര്‍ പങ്കെടുത്തു.
യോഗം സര്‍ക്കാരിന്റെ നടപടി വിദ്യാഭ്യാസ മേഖലയിലെ സ്വാതന്ത്ര്യത്തെയും സംസ്ഥാനത്തിന്റെ ആത്മാഭിമാനത്തെയും ബാധിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി. ആര്‍.എസ്.എസ് ആശയപ്രചാരണത്തിന് വഴിയൊരുക്കുന്ന ഇത്തരം നീക്കങ്ങള്‍ക്കെതിരെ ശക്തമായ ജനപ്രതിരോധം ആവശ്യമാണെന്നും യൂത്ത്‌കോണ്‍ഗ്രസ് വ്യക്തമാക്കി.
തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഒക്ടോബര്‍ 31ന് യുവജന മുന്നേറ്റത്തിന്റെ ഭാഗമായി യൂത്ത് കോണ്‍ഗ്രസ് കാസര്‍കോട് നിയോജകമണ്ഡലം കമ്മിറ്റി നേതൃസംഗമം സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.




