15നകം വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണാനാകുമെന്ന് സതീശന്‍, പക്ഷേ എങ്ങനെ? ഈ മാസം മുഴുവന്‍ പവര്‍ കട്ടിന് സാധ്യത

ഉയര്‍ന്ന ഉപയോഗവും ലഭ്യതക്കുറവും കാരണം 15-നകം വൈദ്യുതി പ്രതിസന്ധി പരിഹരിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം നടപ്പാകാന്‍ സാധ്യതയില്ല.
തിരുവനന്തപുരം: ഉപയോഗം ഉയരുകയും ലഭ്യതകുറവ് തുടരുകയും ചെയ്യുന്നതിനാല്‍ 15നകം വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്താനാകുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം നടപ്പാകാന്‍ ഇടയില്ല. ഈ മാസം മുഴുവന്‍ വൈദ്യുതി നിയന്ത്രണം തുടരാനാണ് സാധ്യത. മുഖ്യമന്ത്രിയുടെ വാക്കുകള്‍ എങ്ങിനെ പ്രാവര്‍ത്തികമാകുമെന്നതാണ് ഉയരുന്ന പ്രധാന ചോദ്യം. ഇന്നലെ ചൊവ്വാഴ്ചത്തെക്കാള്‍ ഉയര്‍ന്ന് വൈദ്യുതി ഉപയോഗം 95 ദശലക്ഷം യൂണിറ്റായി. കേന്ദ്ര നിലയയങ്ങളില്‍ നിന്നുള്ള ലഭ്യത കുറഞ്ഞു. ജല വൈദ്യുതി ഉല്‍പാദനം കൂട്ടുകയും മധ്യപ്രദേശില്‍ നിന്ന് 2.79 ദശലക്ഷം യൂണിറ്റ് കടമായി കിട്ടുകയും ചെയ്തു. എന്നാല്‍ ഇത് എല്ലാ ദിവസവും ഉറപ്പില്ല. 24 മണിക്കൂറും 200 മെഗാവാട്ട് കിട്ടുന്ന കരാറാണ് മറ്റൊന്ന്. പക്ഷേ, വേനല്‍ക്കാലത്ത് വാങ്ങിയ കടം വാങ്ങിയ വൈദ്യുതി തിരികെ കൊടുക്കണം. ഇന്നലെയും 3.4 ദശലക്ഷം യൂണിറ്റ് കൊടുത്തു. ഈ മാസം മുഴുവന്‍ വീട്ടിയാലേ കടം തീരൂവെന്നതാണ് അവസ്ഥ.

അണക്കെട്ടുകളില്‍ 63 ശതമാനം മാത്രം വെള്ളമുള്ളതില്‍ ജലവൈദ്യൂതി ഉല്‍പാദിപ്പിച്ച് കടം വീട്ടാനാകുന്നില്ല. പീക്ക് സമയത്തേക്ക് ഹ്രസ്വകാല കരാറുകളുമില്ല. സ്ഥിതി ഇതായിരിക്കെ 600 മെഗാവാട്ടിന് മേല്‍ കുറവ് ഇന്നലെയും ഉണ്ടായി. ഇതിനിടെ12 മണിക്ക് ശേഷം 100 മെഗാവാട്ടിനും പകലും രാത്രിയിലും 25 മെഗാവാട്ടിനും കരാറുണ്ടാക്കാന്‍ അനുമതി തേടിയെങ്കിലും റഗുലേറ്ററി കമ്മീഷന്‍ ഉത്തരവായില്ല. ചോദിച്ച രേഖകള്‍ കെഎസ്ഇബി ഇതുവരെ കൊടുത്തില്ലെന്ന് കമ്മീഷന്‍ വൃത്തങ്ങള്‍ പറയുന്നു. ചുരുക്കത്തില്‍ കൊടും ചൂട് മാറി നല്ല മഴ കിട്ടണമെന്നാണ് അവസ്ഥ. അല്ലെങ്കില്‍ ഉപഭോഗം ചുരുക്കണം .അല്ലാതെ പതിനഞ്ചിന് പ്രതിസന്ധി തീരാന്‍ അത്ഭുത വഴിയില്ലെന്നതാണ് വാസ്തവം.

Scroll to Top