സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വീണ്ടും ഉയര്‍ന്നു: പീക്ക് സമയത്ത് 5000 മെഗാവാട്ടിന് മുകളിലെത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വീണ്ടും ഉയര്‍ന്നു. ഇന്നലെ ഉപയോഗിച്ചത് 96.40 ദശലക്ഷം യൂണിറ്റ്. തുടര്‍ച്ചയായ രണ്ടാം ദിവസവും പീക്ക് സമയത്ത് വൈദ്യുതി ഉപഭോഗം 5000 മെഗാവാട്ടിന് മുകളിലെത്തി. അതേസമയം വൈദ്യുതി പ്രതിസന്ധിയില്‍ ജനം വലയുകയാണ്. ഈ മാസം പവര്‍കട്ട് തുടരുമെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന. വൈകിട്ടുള്ള സമയങ്ങളില്‍ വൈദ്യുതി ഉപഭോഗം നിയന്ത്രിക്കണമെന്നാണ് കെഎസ്ഇബി യുടെ ആഹ്വാനം.

പ്രതിസന്ധി രൂക്ഷമായിരിക്കെ, ഉയര്‍ന്ന വിലക്ക് ഒക്ടോബര്‍ മുതല്‍ മെയ് വരെ ഹ്രസ്വകാല കരാറിലൂടെ വൈദ്യുതി വാങ്ങാന്‍ റഗുലേറ്ററി കമ്മീഷന്‍ അനുമതി നല്‍കി. എങ്കിലും ഇപ്പോഴത്തെ പ്രതിസന്ധിയ്ക്ക് പരിഹാരമാകില്ല. വൈദ്യുതി പ്രതിസന്ധിയില്‍ സംസ്ഥാനത്ത് രാഷ്ട്രീയ വാക്‌പോരും പ്രതിഷേധങ്ങളും കടുക്കുകയാണ്. പഴയകാലം ഓര്‍മ്മിപ്പിക്കുന്ന വിധമാണ് പ്രതിഷേധങ്ങളില്‍ പലതും. വൈദ്യുതി നിയന്ത്രണം വന്നതോടെ നഗരങ്ങള്‍ ഇരുട്ടിലാണ്.

Read Also: വൈദ്യുതി പ്രതിസന്ധിയില്‍ ഉടനടി പരിഹാരമില്ല: രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങളും പ്രതിഷേധങ്ങളും കടുക്കുന്നു

വൈദ്യുതി ഉത്പാദനം കുറഞ്ഞതും ഉപഭോഗം കൂടിയതുമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നാണ് കെഎസ്ഇബി ചെയര്‍മാന്‍ എം ജി രാജമാണിക്യം പറയുന്നത്. കേരളത്തില്‍ പുതിയ വൈദ്യുത പദ്ധതികള്‍ വരേണ്ട സമയം അതിക്രമിച്ചെന്നും , മാര്‍ക്കറ്റില്‍ പോയി പച്ചക്കറി വാങ്ങുന്നത് പോലെയല്ല വൈദ്യുതി വാങ്ങുന്നതെന്നും എം ജി രാജമാണിക്യം പറഞ്ഞു.

Scroll to Top