സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ രാത്രികാലങ്ങളില്‍ വീടുകളില്‍ സംഭരിക്കുന്ന വൈദ്യുതി തിരികെ വാങ്ങുന്നത് പരിഗണിക്കുമെന്ന് മന്ത്രി സണ്ണി ജോസഫ്. പുരപ്പുറ സോളാര്‍ പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുമെന്നും, ഉപഭോഗം വര്‍ധിച്ചതും കല്‍ക്കരി ക്ഷാമവുമാണ് പ്രതിസന്ധിക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം: രാത്രികാലങ്ങളില്‍ വീടുകളില്‍ സംഭരിക്കുന്ന വൈദ്യുതി കെ.എസ്.ഇ.ബിക്ക് തിരിച്ചുനല്‍കിയാല്‍ മികച്ച തുക നല്‍കുന്നത് സര്‍ക്കാര്‍ ആലോചിക്കുമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. പുരപ്പുറ സോളാര്‍ പദ്ധതികള്‍ കൂടുതല്‍ പ്രോത്സാഹിപ്പിക്കുമെന്നും ഉപഭോക്താക്കളുടെ അവകാശങ്ങളും താല്‍പ്പര്യങ്ങളും സംരക്ഷിച്ചുകൊണ്ട് മെച്ചപ്പെട്ട സേവനങ്ങള്‍ നല്‍കാന്‍ കെ.എസ്.ഇ.ബി തയ്യാറാകുമെന്നും അദ്ദേഹം പറഞ്ഞു. സാധാരണക്കാരുടെ ബുദ്ധിമുട്ടുകള്‍ പൂര്‍ണ്ണമായി മനസ്സിലാക്കുന്നുണ്ടെന്നും നിലവിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ കഠിനമായ ശ്രമങ്ങള്‍ നടന്നു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സോളാര്‍ വൈദ്യുതിയുടെ കാര്യത്തില്‍ നിലവില്‍ വീടുകളില്‍ നേരിട്ട് സ്റ്റോര്‍ ചെയ്യാന്‍ ആവശ്യമായ സൗകര്യമില്ലാത്തതിനാല്‍ അതിനായി കമ്മ്യൂണിറ്റി ബാറ്ററി സിസ്റ്റം നടപ്പിലാക്കാന്‍ ആലോചിക്കുന്നുണ്ട്. കൂടാതെ, വീടുകളില്‍ സ്വന്തമായി സ്റ്റോറേജ് സൗകര്യം ഏര്‍പ്പെടുത്തുന്നവര്‍ക്ക് സബ്‌സിഡി നല്‍കുന്ന കാര്യവും പരിഗണനയിലുണ്ട്. പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി കേന്ദ്രമന്ത്രിമാരെ നേരില്‍ കണ്ട് രണ്ട് പ്രധാന കാര്യങ്ങള്‍ ധരിപ്പിച്ചിട്ടുണ്ടെന്നും സണ്ണി ജോസഫ് അറിയിച്ചു.
സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വന്‍തോതില്‍ വര്‍ധിച്ചിട്ടുണ്ട്. ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം കൂടിയത് ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ ഉപഭോഗത്തില്‍ 1000 മെഗാവാട്ടിന്റെ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. കല്‍ക്കരി ക്ഷാമവും വൈദ്യുതി പ്രതിസന്ധിക്ക് ആക്കംകൂട്ടിയിട്ടുണ്ട്. ഈ പ്രതിസന്ധി കേരളത്തെ മാത്രമല്ല, ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ മുഴുവന്‍ ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നിലവില്‍ ആവശ്യമായ വൈദ്യുതിയുടെ 25 ശതമാനം മാത്രമാണ് കേരളം സ്വന്തമായി ഉല്‍പ്പാദിപ്പിക്കുന്നത്. പുതിയ വൈദ്യുതി പദ്ധതികള്‍ തുടങ്ങാന്‍ സാധിക്കാത്തതും പ്രതിസന്ധിക്ക് ആഴം കൂട്ടുന്നുണ്ട്. പ്രശ്‌നം പരിഹരിക്കുന്നതിനായി വിവിധ തലങ്ങളില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.




