‘ഗ്യാനു ഒഴിയണം’; നവംബര്‍ ഒന്നിന് ഇന്ത്യ സഖ്യം നടത്തുന്ന റാലിക്ക് പിന്തുണ പ്രഖ്യാപിച്ച് സിജെപി
ഡല്‍ഹി: തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിനെതിരെ ഇന്ത്യ സഖ്യം നവംബര്‍ ഒന്നിന് നടത്തുന്ന റാലിക്ക് പിന്തുണ പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യതയും സ്വാതന്ത്ര്യവും പുനഃസ്ഥാപിക്കാന്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യമാണ് എന്ന് സിജെപി വ്യക്തമാക്കി. സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പുകള്‍ക്കായി പോരാടുന്ന എല്ലാ സംഘടനകളെയും പിന്തുണയ്ക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു.
ഓരോ പൗരന്റെയും വോട്ടവകാശം സംരക്ഷിക്കുക എന്നത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവാദിത്തമാണെന്ന് സിജെപി ചൂണ്ടിക്കാട്ടി. സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പുകള്‍ സംരക്ഷിക്കാന്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്ക് പിന്തുണ നല്‍കുമെന്ന് സിജെപി അറിയിച്ചു; വോട്ടവകാശമുള്ള ഒരു പൗരനും ആ അവകാശം നിഷേധിക്കപ്പെടരുതെന്ന് അവര്‍ ഊന്നിപ്പറഞ്ഞു.
അതേസമയം, ഗ്യാനേഷ്‌കുമാറിന് എതിരായ പ്രതിഷേധം ശക്തമാക്കാനുള്ള ഒരുക്കങ്ങള്‍ വേഗത്തിലാക്കി ഇന്ത്യാസഖ്യം. വെള്ളിയാഴ്ച എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗയുടെ വസതിയില്‍ മോക്ക് ഇംപീച്ച്മെന്റ് നിശ്ചയിച്ച സാഹചര്യത്തില്‍ സുരക്ഷാസേന നിരീക്ഷണം ശക്തമാക്കി.
അശോക ഹോട്ടലിലും രാം ലീല മൈതാനിലും അനുമതി ലഭിക്കാത്തതോടെയാണ് ഗ്യാനേഷ് കുമാറിനെതിരായ മോക്ക് ഇംപീച്ച്മെന്റ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗയുടെ വസതിയില്‍ നടത്താന്‍ തീരുമാനിച്ചത്. വീടിനകത്ത് നടത്തുന്ന പരിപാടിക്ക് പോലീസ് അനുമതി ആവശ്യമില്ലെന്നാണ് പ്രതിപക്ഷ കക്ഷികള്‍ വിശദീകരിക്കുന്നത്. ഒരുക്കങ്ങള്‍ പുരോഗമിക്കുമ്പോഴും തൊട്ടടുത്തുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ചിനുള്ള സാധ്യത വിലയിരുത്തി സുരക്ഷാസേന നിരീക്ഷണം കര്‍ശനമാക്കി.
ഞായറാഴ്ച നടക്കുന്ന ഇന്ത്യ സഖ്യത്തിന്റെ ചലോ ദില്ലി മഹാറാലിയ്ക്കുള്ള തയ്യാറെടുപ്പും പുരോഗമിക്കുന്നു. ഇതിനിടയിലാണ് ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി രാഹുല്‍ ഗാന്ധിക്ക് തുറന്ന കത്തയച്ചത്. ലോക്സഭാ പ്രതിപക്ഷ നേതാവുമായി 20 മിനിട്ട് കൂടിക്കാഴ്ചയാണ് വ്യാപാര സംഘടനയുടെ ആവശ്യം. സമരം വ്യാപാരികളെ ബാധിക്കില്ലെന്ന് രാഹുല്‍ഗാന്ധി ബോധ്യപ്പെടുത്തിയാല്‍ വ്യാപാരികള്‍ ആവശ്യങ്ങളില്‍ നിന്ന് പിന്മാറും. മറിച്ചാണെങ്കില്‍ ദീപാവലി വരെയെങ്കിലും റാലി മാറ്റിവയ്ക്കണമെന്നാണ് കത്തില്‍.
അതിനിടെ, ഇന്ത്യാ മുന്നണിയുടെ പ്രചാരണത്തെ പ്രതിരോധിക്കാന്‍ ഡല്‍ഹി ചാന്ദ്നി ചൗക്കില്‍ ബിജെപി പദയാത്ര നടത്തി. ജയിന്‍ ക്ഷേത്ര പരിസരത്ത് നിന്ന് ചാന്ദ്നി ചൗക്കിലൂടെ ടൗണ്‍ ഹാള്‍ വരെ ഒരു കിലോമീറ്റര്‍ മാര്‍ച്ചിന് ബിജെപി അധ്യക്ഷന്‍ നിതിന്‍ നബിന്‍ നേതൃത്വം നല്‍കി. ആയിരങ്ങള്‍ അണിനിരണ റാലിയില്‍ ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു.
