Advertisement

ശബരിമല മില്‍മ നെയ്യ് ക്രമക്കേട്: കരാറുകാരന്‍ വിജിലന്‍സ് കസ്റ്റഡിയില്‍, വിശദമായി ചോദ്യം ചെയ്യും

By kcnchannel / October 28, 2026

മൂന്ന് ദിവസത്തേക്കാണ് കൊല്ലം വിജിലന്‍സ് കോടതി എസ് ബിനുവിനെ കസ്റ്റഡിയില്‍ നല്‍കിയത്. പ്രതിയെ വിശദമായി ചോദ്യം ചെയ്യുന്നതിനൊപ്പം തമിഴ്‌നാട്ടില്‍ ഉള്‍പ്പെടെ എത്തിച്ച് തെളിവ് ശേഖരിക്കാനാണ് നീക്കം.
കൊല്ലം: ശബരിമല മില്‍മ നെയ് ക്രമക്കേടില്‍ റിമാന്‍ഡിലായ കരാറുകാരന്‍ എസ് എസ് ബിനുവിനെ വിജിലന്‍സിന്റെ കസ്റ്റഡിയില്‍ വിട്ടു. മൂന്ന് ദിവസത്തേക്കാണ് കൊല്ലം വിജിലന്‍സ് കോടതി കസ്റ്റഡിയില്‍ നല്‍കിയത്. പ്രതിയെ വിശദമായി ചോദ്യം ചെയ്യുന്നതിനൊപ്പം തമിഴ്‌നാട്ടില്‍ ഉള്‍പ്പെടെ എത്തിച്ച് തെളിവ് ശേഖരിക്കാനാണ് നീക്കം.

ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്കും ക്രമക്കേടില്‍ പങ്കുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. പ്രതിയില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങളിലൂടെ മറ്റ് കണ്ണികളിലേക്ക് എത്താനാകുമെന്ന കണക്കുകൂട്ടലിലാണ് വിജിലന്‍സ്. കഴിഞ്ഞ മണ്ഡല- മകരവിളക്ക് കാലത്ത് സന്നിധാനത്ത് എത്തേണ്ടിയിരുന്ന മില്‍മ നെയ്യ് തമിഴ്‌നാട്ടിലെ രണ്ട് ഏജന്‍സികള്‍ക്ക് മറിച്ചു വിറ്റെന്നാണ് കണ്ടെത്തല്‍. ഗുണനിലവാരം കുറഞ്ഞ മോശം നെയ്യാണ് പകരം സന്നിധാനത്ത് എത്തിച്ചതെന്നും കണ്ടെത്തി. ഇതിലൂടെ രണ്ടര കോടി രൂപയുടെ നഷ്ടം ദേവസ്വം ബോര്‍ഡിന് ഉണ്ടായെന്നാണ് നിഗമനം. ട്രാന്‍സ്‌പോര്‍ട്ട് കരാറുകാരനായ എസ് എസ് ബിനുവും ക്രമക്കേടിലൂടെ ലക്ഷങ്ങള്‍ സമ്പാദിച്ചെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍.