വൈദ്യുതി പ്രതിസന്ധിയില്‍ നേരിട്ട് ഇടപ്പെട്ട് മുഖ്യമന്ത്രി; വിദഗ്ധരുമായി ചര്‍ച്ച നടത്തി, ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാന്‍ ഒരുങ്ങി കെഎസ്ഇബി

വന്‍ വിലക്ക് പുറത്ത് നിന്ന് വൈദ്യുതി വാങ്ങാന്‍ അനുമതി തേടി കെഎസ്ഇബി ഇന്ന് സര്‍ക്കാരിന് കത്ത് നല്‍കും. യൂണിറ്റിന് 30 രൂപ നിരക്കില്‍ ഈ മാസം 30 വരെ വൈദ്യുതി വാങ്ങാനാണ് കെഎസ്ഇബി നീക്കം.
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ തിരക്കിട്ട നീക്കങ്ങള്‍. യൂണിറ്റിന് 30 രൂപ നിരക്കില്‍ ഈ മാസം 30 വരെ വൈദ്യുതി വാങ്ങാനാണ് കെഎസ്ഇബി നീക്കം. ഇക്കാര്യത്തില്‍ അനുമതി തേടി കെഎസ്ഇബി ഇന്ന് സര്‍ക്കാരിന് കത്ത് നല്‍കും. അതേസമയം, വൈദ്യുതി പ്രതിസന്ധിയില്‍ മുഖ്യമന്ത്രി നേരിട്ട് ഇടപ്പെട്ടു. വൈദ്യുതി രംഗത്തെ വിദഗ്ധരുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി. അതിനിടെ, വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ മുന്‍ ചെയര്‍മാന്മാരെ കണ്ടു. വൈദ്യുതിക്കായി ചീഫ് സെക്രട്ടറിയും ധനകാര്യ അഡീഷനല്‍ ചീഫ് സെക്രട്ടറിയും മറ്റ് സംസ്ഥാനങ്ങളെ ബന്ധപ്പെട്ടു.

വന്‍ വിലക്ക് പുറത്ത് നിന്ന് വൈദ്യുതി വാങ്ങാന്‍ അനുമതി തേടി കെഎസ്ഇബി ഇന്ന് സര്‍ക്കാരിന് കത്ത് നല്‍കും. പ്രധാനമായും രണ്ട് ആവശ്യങ്ങളാണ് കത്തിലുള്ളത്. വന്‍ വിലക്ക് വൈദ്യുതി വാങ്ങാന്‍ അനുമതി തേടുന്നതിനൊപ്പം വൈദ്യുതി വാങ്ങുന്നതിന് കെഎസ്ഇബിക്ക് സാമ്പത്തിക പിന്തുണ കൂടി നല്‍കണമെന്ന് കത്തില്‍ ആവശ്യപ്പെടും. സര്‍ക്കാരിന്റെ കൂടി അനുമതി വാങ്ങിയ ശേഷമാകും പുതിയ കരാറുകളുമായി റെഗുലെറ്ററി കമ്മീഷനെ സമീപിക്കുക. നിലവില്‍ യൂണിറ്റിന് പത്ത് രൂപയ്ക്ക് മുകളില്‍ വൈദ്യുതി വാങ്ങരുതെന്ന് കമ്മീഷന്റെ ചട്ടമുണ്ട്. എന്‍ടിപിസിയില്‍ നിന്ന് വാങ്ങാനുള്ള ധാരണ യൂണിറ്റിന് 30 രൂപക്കാണ്. ഇക്കാര്യത്തില്‍ സര്‍ക്കാരിനെ കൂടി വിശ്വാസത്തില്‍ എടുക്കാനാണ് തീരുമാനം.

അതേസമയം, വൈദ്യുതി പ്രതിസന്ധിയില്‍ ബദല്‍ മാര്‍ഗം തേടി ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ ഇന്ന് ഉത്തരേന്ത്യയിലെ വൈദ്യുതി മിച്ച സംസ്ഥാനങ്ങളിലേക്ക് തിരിക്കും. രണ്ട് ഡയറക്ടര്‍മാരാണ് ഉത്തേരേന്ത്യന്‍ ചര്‍ച്ചകള്‍ക്ക് പോകുന്നത്. സിസ്റ്റം ഓപ്പറേഷന്‍സ് ഡയറക്റ്റര്‍ പി ശിവദാസ്, ഫിനാന്‍സ് ഡയറക്ടര്‍ ആര്‍ ബിജു എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുക്കുക. വിവിധ സ്വകാര്യ കമ്പനികളുമായും ചര്‍ച്ച നടത്തും. എന്‍ടിപിസി ആസ്ഥാനത്തും സന്ദര്‍ശനം നടത്തും.

Scroll to Top