പരീക്ഷാ ക്രമക്കേട്: ‘PSCയുടെ അന്തസ്സ് കെടുത്താനുള്ള ശ്രമം’; മൊഴി നല്‍കാന്‍ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് പോകേണ്ടതില്ലെന്ന് PSC തീരുമാനം

തിരുവനന്തപുരം: പരീക്ഷാ ക്രമക്കേടില്‍ മൊഴി നല്‍കാന്‍ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് പോകേണ്ടതില്ലെന്ന് പിഎസ്സി യോഗത്തിന്റെ തീരുമാനം. പിഎസ്സിയുടെ അന്തസ്സ് കെടുത്താനുള്ള ശ്രമം നടക്കുന്നതായും വിമര്‍ശനം. പിഎസ്സി ഓഫീസില്‍ എസ്‌ഐടി നേരിട്ട് എത്തണമെന്ന് യോഗം തീരുമാനമെടുത്തു. ആവശ്യമെങ്കില്‍ കോടതിയെ സമീപിക്കാനും തീരുമാനം. റാങ്ക് ലിസ്റ്റുകള്‍ നീട്ടാനുള്ള സര്‍ക്കാര്‍ ശുപാര്‍ശയും പിഎസ്സി തള്ളി. പൊതു വിദ്യാഭ്യാസ വകുപ്പിലെ 18 റാങ്ക് ലിസ്റ്റുകള്‍ മാത്രം നീട്ടാനുള്ള ശുപാര്‍ശയാണ് തള്ളിയത്.

എന്നാല്‍, ചോദ്യചെയ്യല്‍ എവിടെ വേണമെന്ന് തീരുമാനിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥനാണ് അധികാരമെന്നാണ് നിയമവൃത്തങ്ങള്‍ അറിയിക്കുന്നത്. 15 മുതല്‍ പിഎസ്‌സി അംഗങ്ങളുടെ മൊഴിയെടുക്കാനായിരുന്നു ക്രൈംബ്രാഞ്ചിന്റെ തീരുമാനം. അന്വേഷണസംഘത്തിലെ എസ് പി സഖറിയയയാണ് നോട്ടീസ് നല്‍കിയത്. അംഗങ്ങളെ ചോദ്യം ചെയ്ത ശേഷം ചെയര്‍മാന്‍ എം ആര്‍ ബൈജുവിനെ ചോദ്യം ചെയ്യാനായിരുന്നു ക്രൈംബ്രാഞ്ചിന്റെ നീക്കം. ആസൂത്രണ ബോര്‍ഡ് പരീക്ഷ ക്രമക്കേടില്‍ രണ്ട് പിഎസ്‌സി ഉദ്യോഗസ്ഥര്‍ക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. ഡെപ്യൂട്ടി സെക്രട്ടറി പി സതീഷ്, അഡീഷണല്‍ സെക്രട്ടറി ആര്‍ ഹരി എന്നിവര്‍ക്കാണ് വീഴച സംഭവിച്ചത്.

പരീക്ഷയില്‍ 9 ചോദ്യങ്ങളുടെ മൂല്യനിര്‍ണയം നടത്താതെ പോയത് ഉദ്യോഗസ്ഥരുടെ വീഴ്ച്ചയെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. മൂല്യനിര്‍ണയം നടത്തിയത് ഈ രണ്ട് ഉദ്യോഗസ്ഥരാണ്. സാങ്കേതിക പിഴവെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. പിഎസ്സി പരീക്ഷ അട്ടിമറിയില്‍ നടന്നത് വന്‍ ആസൂത്രിത ഗൂഡാലോചനയെന്ന് എസ്.ഐ.ടി സ്ഥിരീകരിക്കുന്നു.

Scroll to Top