‘സ്ത്രീകള്‍ വീട്ടില്‍ അടങ്ങി ഒതുങ്ങിയിരിക്കണമെന്ന് ആരും പറഞ്ഞിട്ടില്ല’; കാന്തപുരത്തിന് പിന്തുണയുമായി ജിഫ്രി തങ്ങള്‍

കോഴിക്കോട്: കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ക്ക് പരസ്യ പിന്തുണയുമായി സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ സ്ത്രീകള്‍ വീട്ടില്‍ അടങ്ങി ഒതുങ്ങി ഇരിക്കണമെന്ന് ആരും പറഞ്ഞിട്ടില്ലെന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. പെണ്ണിനെ വീട്ടില്‍ തളച്ചിടണം എന്ന് കാന്തപുരം പ്രസംഗിച്ചിട്ടില്ല. സ്ത്രീയെ എല്ലാ രംഗത്ത് നിന്നും ഇസ്ലാം തടഞ്ഞു എന്നും പറഞ്ഞിട്ടില്ല. സ്ത്രീയയുടെ സുരക്ഷിതത്വവും മാന്യതയും പരിഗണിച്ചാണ് ഇസ്ലാം നിയമങ്ങള്‍ അവതരിപ്പിച്ചിട്ടുള്ളതെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. കാന്തപുരത്തിന്റെ സാന്നിധ്യത്തിലാണ് ജിഫ്രി തങ്ങളുടെ പ്രസംഗം. മലപ്പുറം പടിക്കല്‍ ജുമുഅ മസ്ജിദ് ഉദ്ഘാടന ചടങ്ങിലാണ് നേതാക്കള്‍ ഒരുമിച്ച് എത്തിയത്.

‘പരാമര്‍ശത്തിന്റെ പേരില്‍ കാന്തപുരത്തിനെതിരെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നു. സ്ത്രീകള്‍ വീട്ടില്‍ അടങ്ങി ഒതുങ്ങി ഇരിക്കണമെന്ന് ആരും പറഞ്ഞിട്ടില്ല. വീട്ടില്‍ ഇരിക്കുമ്പോള്‍ അവിടെ പാലിക്കേണ്ട കാര്യങ്ങള്‍ പാലിക്കണം. അല്ലാതെ സ്ത്രീകളെ എല്ലാ രംഗത്തുനിന്നും ഇസ്ലാം തടഞ്ഞു എന്നില്ല. സ്ത്രീകളെ സംബന്ധിച്ചിടത്തോളം അവളുടെ സുരക്ഷിതത്വം, മാന്യത എന്നിവ കൂടി പരിഗണിച്ചാണ് ഇസ്ലാം നിയമങ്ങള്‍ അവതരിപ്പിച്ചട്ടുള്ളത്. സ്ത്രീകളുടെ സുരക്ഷിതത്വത്തിന് വേണ്ടി ചില മേഖലകളില്‍ നിന്ന് ഒഴിച്ചു നിര്‍ത്തിയിട്ടുണ്ടാകും’, ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.

നബിദിന ആഘോഷങ്ങളില്‍ സ്ത്രീകളെ പങ്കെടുപ്പിച്ചതില്‍ വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ മഹല്ലുകള്‍ക്കും മദ്രസകള്‍ക്കും നിര്‍ദേശം എന്ന നിലയില്‍ കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ ഇറക്കിയ പ്രസ്താവന വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. അന്യപുരുഷന്മാര്‍ക്കിടയില്‍ വേദിയിലോ പൊതു ഇടങ്ങളിലോ സ്ത്രീകളെ കൊണ്ടുവരരുതെന്നും ആഘോഷങ്ങള്‍ അതിരുകടക്കുന്നത് തടയണമെന്നുമായിരുന്നു കാന്തപുരം പ്രസ്താവനയില്‍ പറഞ്ഞത്. കാന്തപുരത്തിന്റെ പരാമര്‍ശത്തിനെതിരെ ഇടതുസംഘടനകളായിരുന്നു ആദ്യം രംഗത്തെത്തിയത്. ഇതിന് പിന്നാലെ മുഖ്യമന്ത്രി വി ഡി സതീശന്‍ അടക്കമുള്ളവരും കാന്തപുരത്തിനെതിരെ രംഗത്തുവന്നിരുന്നു. വ്യാപക വിമര്‍ശനം ഉയര്‍ന്നപ്പോഴും പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു കാന്തപുരം ചെയ്തത്.

Scroll to Top