പാര്‍ട്ട് ടൈം വര്‍ക്ക് ഫ്രം ഹോം ജോലി വാഗ്ദാനം ചെയ്ത് പലപ്പോഴായി തട്ടിയത് 3,12,568 രൂപ; യുവതി പരാതി നല്‍കി

തൃശൂര്‍: പാര്‍ട്ട് ടൈം വര്‍ക്ക് ഫ്രം ഹോം ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയതായി യുവതിയുടെ പരാതി. വരവൂര്‍ സ്വദേശിനിയാണ് പരാതി നല്‍കിയത്. പാര്‍ട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത 3,12,568 രൂപ തട്ടിയെടുത്തതായി ചെറുതുരുത്തി പൊലീസിന് പരാതി നല്‍കി. ടെലഗ്രാം ആപ്പ് വഴിയാണ് തട്ടിപ്പുകാര്‍ പരിചയപ്പെട്ടതെന്ന് യുവതി പറഞ്ഞു.

ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റ് എന്ന് പരിചയപ്പെടുത്തിയാണ് പാര്‍ട്ട് ടൈം ജോലി വാഗ്ദാനം ചെയ്തത്. തുടര്‍ന്ന് വിവിധ ടാസ്‌കുകള്‍ പൂര്‍ത്തിയാക്കാനെന്ന വ്യാജേന ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ അക്കൗണ്ടിലേക്ക് പണം അയക്കാന്‍ ആവശ്യപ്പെട്ടു. 2025 ഏപ്രില്‍ 20 മുതല്‍ 25 വരെയുള്ള ദിവസങ്ങളില്‍ എട്ട് ഘട്ടങ്ങളിലായി ആകെ 3,12,568 രൂപയാണ് യുവതി തട്ടിപ്പുകാരുടെ അക്കൗണ്ടിലേക്ക് അയച്ചു കൊടുത്തത്. ആദ്യ ഘട്ടത്തില്‍ 3,000 രൂപ മാത്രമാണ് കമ്മീഷന്‍ എന്ന വ്യാജേന യുവതിക്ക് തിരികെ ലഭിച്ചത്. പിന്നീട് പണമോ വാഗ്ദാനം ചെയ്ത ലാഭവിഹിതമോ നല്‍കിയില്ല.

തുടര്‍ന്ന് സംശയം തോന്നിയ യുവതി പണം തിരികെ ചോദിച്ചതോടെ തട്ടിപ്പുകാര്‍ അക്കൗണ്ട് ബ്ലോക്ക് ചെയ്ത് മുങ്ങുകയായിരുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ ചെറുതുരുത്തി പൊലീസ് അന്വേഷണം ആരംഭിച്ചു.

Scroll to Top