‘സഞ്ജുവിന് അവസരം നല്‍കിയത് ശരിയായ തീരുമാനം’; പിന്തുണച്ചും മുന്നറിയിപ്പ് നല്‍കിയും വസീം ജാഫര്‍

മുംബൈ: അഫ്ഗാനിസ്ഥാനെതിരായ ആദ്യ ടി20 മത്സരത്തില്‍ വൈഭവ് സൂര്യവംശിക്ക് പകരം മലയാളി താരം സഞ്ജു സാംസണെ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തിയ ഇന്ത്യന്‍ ടീം മാനേജ്മെന്റിന്റെ തീരുമാനം ശരിയായിരുന്നുവെന്ന് മുന്‍ ഇന്ത്യന്‍ താരം വസീം ജാഫര്‍. സഞ്ജുവിന് തുടര്‍ച്ചയായി അവസരങ്ങള്‍ നല്‍കണമെന്നും എന്നാല്‍ ലഭിക്കുന്ന അവസരങ്ങള്‍ താരം കൃത്യമായി വിനിയോഗിക്കണമെന്നും ജാഫര്‍ ഓര്‍മ്മിപ്പിച്ചു.

ഞായറാഴ്ച ഡല്‍ഹിയില്‍ നടന്ന മത്സരത്തില്‍ വൈഭവിനെ ഒഴിവാക്കി സഞ്ജുവിനെ ഓപ്പണറായാണ് ഇന്ത്യ ഇറക്കിയത്. എന്നാല്‍ 8 പന്തില്‍ 10 റണ്‍സെടുത്ത് സഞ്ജു പെട്ടെന്ന് പുറത്തായിരുന്നു.സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്തിയത് നല്ല തീരുമാനമാണ്. മുന്‍പ് വൈഭവിന് അവസരം നല്‍കാന്‍ സഞ്ജുവിനെ ഒഴിവാക്കിയപ്പോള്‍ വലിയ വിവാദങ്ങള്‍ ഉണ്ടായിരുന്നു. സഞ്ജുവിന് തുടര്‍ച്ചയായി അവസരങ്ങള്‍ നല്‍കണമെന്നാണ് ഞാന്‍ കരുതുന്നത്. എന്നാല്‍ സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുക്കാന്‍ സഞ്ജുവും ശ്രദ്ധിക്കണമെന്ന് തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കവെ ജാഫര്‍ പറഞ്ഞു.

ഇന്ത്യന്‍ ടീമില്‍ മികച്ച ബാറ്റര്‍മാര്‍ക്ക് ക്ഷാമമില്ല. പുറത്ത് വൈഭവ് നില്‍ക്കുമ്പോള്‍ കളത്തിലിറങ്ങുന്ന താരത്തിന് വലിയ സമ്മര്‍ദ്ദമുണ്ടാകും. സഞ്ജു അതിമാനുഷികനായ കളിക്കാരനാണ്, ഫോമിലായാല്‍ മത്സരങ്ങള്‍ ജയിപ്പിക്കാന്‍ ശേഷിയുമുണ്ട്. എന്നാല്‍ ഇന്നിംഗ്‌സുകള്‍ക്കിടയിലെ സ്ഥിരതയില്ലായ്മയാണ് പ്രധാന പ്രശ്‌നംമെന്നും ജാഫര്‍ വ്യക്തമാക്കി.

അതേസമയം മത്സരത്തില്‍ 32 പന്തില്‍ 82 റണ്‍സെടുത്ത് ഇന്ത്യയുടെ വിജയശില്‍പിയായ അഭിഷേക് ശര്‍മ്മയെ വസീം ജാഫര്‍ വാനോളം പുകഴ്ത്തി. മുന്‍പത്തെപ്പോലെ ആദ്യ പന്ത് മുതല്‍ വമ്പന്‍ അടികള്‍ക്ക് മുതിരാതെ അഭിഷേക് കൂടുതല്‍ പക്വത കാണിക്കുന്നുണ്ടെന്ന് ജാഫര്‍ നിരീക്ഷിച്ചു. റാഷിദ് ഖാന്‍, മുജീബ്, നബി എന്നിവരുടെ സ്പിന്‍ ആക്രമണത്തെ നേരിട്ട രീതി അഭിഷേകിന്റെ വളര്‍ച്ചയാണ് കാണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരമ്പരയിലെ രണ്ടാം ടി20 മത്സരം ചൊവ്വാഴ്ച ഡല്‍ഹിയില്‍ നടക്കും.

Scroll to Top