നെതര്‍ലന്‍ഡ്‌സിന് വീണ്ടും ഷൂട്ടൗട്ട് ദുരന്തം, ഓറഞ്ച് പടയെ വീഴ്ത്തി മൊറോക്കോ പ്രീ ക്വാര്‍ട്ടറില്‍


ഡ്‌സ് മൂന്ന് കിക്കുകള്‍ പാഴാക്കിയപ്പോള്‍ മൊറോക്കോ രണ്ട് കിക്കുകള്‍ നഷ്ടമാക്കി. നിര്‍ണായക അഞ്ചാം കിക്ക് ഗോളാക്കി ഇസ്മയില്‍ സൈബാരിയാണ് മൊറോക്കോക്ക് ചരിത്ര ജയം സമ്മാനിച്ചത്
ന്യൂയോര്‍ക്ക്: ലോകകപ്പ് വേദികളില്‍ നെതര്‍ലന്‍ഡ്‌സിനെ വേട്ടയാടുന്ന പെനാല്‍റ്റി ഷൂട്ടൗട്ട് ശാപം ഇത്തവണയും ഒഴിഞ്ഞുപോയില്ല. ലോകകപ്പിന്റെ റൗണ്ട് ഓഫ് 32 പോരാട്ടത്തില്‍ മുന്‍ റണ്ണേഴ്‌സ് അപ്പുകളായ നെതര്‍ലന്‍ഡ്‌സിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ വീഴ്ത്തി മൊറോക്കോ പ്രീ-ക്വാര്‍ട്ടറിലേക്ക് മാര്‍ച്ച് ചെയ്തു. നിശ്ചിത സമയത്തും അധികസമയത്തും ഇരുടീമുകളും ഓരോ ഗോള്‍ വീതമടിച്ച് സമനില പാലിച്ചതിനെ തുടര്‍ന്നാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ മാറിമറിഞ്ഞ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 3-2നാണ് മൊറോക്കോ ജയിച്ചുകയറിയത്.

ഷൂട്ടൗട്ടില്‍ നെതര്‍ലന്‍ഡ്‌സ് മൂന്ന് കിക്കുകള്‍ പാഴാക്കിയപ്പോള്‍ മൊറോക്കോ രണ്ട് കിക്കുകള്‍ നഷ്ടമാക്കി. നിര്‍ണായക അഞ്ചാം കിക്ക് ഗോളാക്കി ഇസ്മയില്‍ സൈബാരിയാണ് മൊറോക്കോക്ക് ചരിത്ര ജയം സമ്മാനിച്ചത്. നേരത്തെ നിശ്ചിത സമയത്ത് ആദ്യ പകുതിയില്‍ ഇരുടീമുകള്‍ക്കും ഗോള്‍ നേടാനായിരുന്നില്ല. മൊറോക്കന്‍ ആക്രമണങ്ങള്‍ക്ക് മുന്നില്‍ നെതര്‍ലന്‍ഡ്‌സ് വിറച്ചെങ്കിലും ഗോള്‍ വഴങ്ങാതെ പിടിച്ചു നിന്നു. എന്നാല്‍ രണ്ടാം പകുതിയുടെ 72-ാം മിനിറ്റില്‍ കോഡി ഗാക്‌പോയുടെ ഗോളിലൂടെ നെതര്‍ലന്‍ഡ്‌സ് ലീഡെടുത്തു. ഒരു ഗോള്‍ ജയവുമായി നെതര്‍ലന്‍ഡ്‌സ് പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ചുവെന്ന് കരുതിയപ്പോഴാണ് ഇഞ്ചുറി ടൈമില്‍(90+1)ഇസാ ഡിയോപിന്റെ മിന്നല്‍ ഹെഡല്‍ നെതര്‍ലന്‍ഡ്‌സ് ഹൃദയം തകര്‍ത്ത് വല തുളച്ചത്.

വിജയം ഉറപ്പിച്ചിരിക്കെ വന്ന അപ്രതീക്ഷിത ഗോള്‍ നെതര്‍ലന്‍ഡ്‌സിന് കനത്ത ആഘാതമായി. എക്‌സ്ട്രാ ടൈമില്‍ മൊറോക്കോ പലവട്ടം ഗോളിന് അടുത്തെത്തിയെങ്കിലും ഗോള്‍ കീപ്പര്‍ ബാര്‍ട് വെര്‍ബ്രഗ്ഗന്റെ മിന്നും സേവുകള്‍ അവര്‍ക്ക് രക്ഷയായി. എന്നാല്‍ ഷൂട്ടൗട്ടില്‍ വെര്‍ബ്രഗ്ഗന് നെതര്‍ലന്‍ഡ്‌സിനെ രക്ഷിക്കാനായില്ല. നെതര്‍ലന്‍ഡ്‌സിന്റെ ജസ്റ്റിന്‍ ക്ലൈവര്‍ട്ട്, ക്വിന്റന്‍ ടിംബര്‍, സമ്മര്‍വില്ലെ എന്നിവര്‍ കിക്കുകള്‍ പാഴാക്കിയപ്പോള്‍ മൊറോക്കോയുടെ നെയ്ല്‍ എല്‍ അയ്‌നോയിയുടെയും ക്യാപ്റ്റന്‍ അഷ്‌റഫ് ഹക്കീമിയുടെ കിക്കുകള്‍ പാഴായി.

ഡച്ച് താരം ക്രിസെന്‍സിയോ സമ്മര്‍വില്ലെ എടുത്ത നിര്‍ണ്ണായകമായ അഞ്ചാം കിക്ക് ഇടതുകൈകൊണ്ട് തട്ടിയകറ്റി മൊറോക്കന്‍ ഗോളി യാസിന്‍ ബോണോ മത്സരത്തിലെ ഹീറോയായി മാറി. തൊട്ടുപിന്നാലെ മൊറോക്കോയ്ക്കായി കിക്ക് എടുക്കാനെത്തിയ ഇസ്മായില്‍ സായ്ബാരി ഡച്ച് ഗോളി ബാര്‍ട്ട് വെര്‍ബ്രൂഗനെ പൂര്‍ണ്ണമായും കബളിപ്പിച്ച് പന്ത് പോസ്റ്റിന്റെ ഇടത് മൂലയിലേക്ക് അനായാസം എത്തിച്ചതോടെ മൊറോക്കോ വിജയം പ്രീ ക്വാര്‍ട്ടറിലേക്ക് മാര്‍ച്ച് ചെയ്തു.

Scroll to Top