പീക്ക് സമയത്ത് 600 മെഗവാട്ട് വൈദ്യുതി വാങ്ങും; പുതിയ ടെന്‍ഡര്‍ ക്ഷണിച്ച് KSEB

തിരുവനന്തപുരം: വൈദ്യുതി വാങ്ങാന്‍ പുതിയ ടെന്‍ഡര്‍ ക്ഷണിച്ച് KSEB. ഒക്ടോബര്‍, ഡിസംബര്‍ മാസങ്ങളില്‍ വൈദ്യുതി വാങ്ങാനാണ് കെഎസ്ഇബിയുടെ പുതിയ ടെന്‍ഡര്‍. പീക്ക് സമയത്ത് 600 മെഗവാട്ട് വൈദ്യുതി വാങ്ങാനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്. ഡീപ്പ് പോര്‍ട്ടല്‍ ബിഡിങ്ങ് വഴിയാണ് ടെന്‍ഡര്‍ ക്ഷണിച്ചത്. കുറഞ്ഞ വിലയ്ക്ക് വൈദ്യുതി വാങ്ങാനായി റെഗുലേറ്ററി കമ്മീഷനെ കെഎസ്ഇബി സമീപിക്കും.

ഉയര്‍ന്ന നിരക്ക് നല്‍കി നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷനില്‍ (എന്‍ടിപിസി) നിന്ന് അടിയന്തരമായി വൈദ്യുതി വാങ്ങാനുള്ള തീരുമാനം ഉപേക്ഷിച്ചേക്കും. യൂണിറ്റിന് 30 രൂപ എന്നനിരക്കില്‍ വൈദ്യുതി വാങ്ങുന്നത് ബോര്‍ഡിന് താങ്ങാനാവാത്ത സാമ്പത്തിക ബാധ്യത വരുത്തിവെക്കുമെന്നും ഇത് ആത്യന്തികമായി ജനങ്ങള്‍ക്ക് മേല്‍ ഇരട്ടി പ്രഹരമായി മാറുമെന്നുമുള്ള വിലയിരുത്തലിലാണ് പിന്മാറ്റം.

യൂണിറ്റിന് 30 രൂപ നിരക്കില്‍ വൈദ്യുതി വാങ്ങിയാല്‍ പ്രതിദിനം 12 കോടി രൂപയിലധികം അധികച്ചെലവ് വരുമെന്ന് കെഎസ്ഇബി സര്‍ക്കാരിനെ അറിയിച്ചിരുന്നു. ഉയര്‍ന്ന വില നല്‍കി വൈദ്യുതി വാങ്ങുമ്പോഴുണ്ടാകുന്ന ഭീമമായ ബാധ്യതയെക്കുറിച്ച് സര്‍ക്കാരിനെ നേരിട്ട് ധരിപ്പിച്ചിട്ടുണ്ടെന്ന് കെഎസ്ഇബി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം.ജി. രാജമാണിക്യം വ്യക്തമാക്കി.

പ്രതിസന്ധി മറികടക്കാന്‍ എന്‍ടിപിസിയില്‍ നിന്ന് വൈദ്യുതി വാങ്ങാന്‍ സര്‍ക്കാര്‍ നേരത്തെ തത്വത്തില്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ സാമ്പത്തിക കണക്കുകൂട്ടലുകള്‍ പരിശോധിച്ചതോടെയാണ് ബോര്‍ഡിന് ഈ നടപടി വന്‍ തിരിച്ചടിയാകുമെന്ന് വ്യക്തമായത്. തുടര്‍ന്നാണ് എല്ലാ വശങ്ങളും വിശദമായി പരിശോധിച്ച് അന്തിമ തീരുമാനമെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

Scroll to Top