യുപിഐ ഇടപാടിന് ഫീസ്: അമേരിക്കന്‍ കമ്പനികളുടെ സമ്മര്‍ദ്ദത്തിന് പ്രധാനമന്ത്രി കീഴ്പ്പെട്ടെന്ന് രാഹുല്‍ ഗാന്ധി; രൂക്ഷ വിമര്‍ശനം

യുപിഐ വഴി 2,000 രൂപയ്ക്ക് മുകളിലുള്ള വ്യാപാരികളുടെ ഇടപാടുകള്‍ക്ക് ഫീസ് ഈടാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ രാഹുല്‍ ഗാന്ധി രൂക്ഷമായി വിമര്‍ശിച്ചു. അമേരിക്കന്‍ കമ്പനികളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് ഈ തീരുമാനമെന്നും, ഇത് ഉല്‍പ്പന്ന വില വര്‍ദ്ധിപ്പിച്ച് സാധാരണക്കാരെ ബാധിക്കുമെന്നും അദ്ദേഹം ആരോപിച്ചു
ദില്ലി: യുപിഐ ഇടപാടുകള്‍ക്ക് ഫീസ് ഈടാക്കാന്‍ നീക്കം നടത്തുന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ രൂക്ഷമായി വിമര്‍ശിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ അമേരിക്കന്‍ പേയ്മെന്റ് കോര്‍പ്പറേഷനുകളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയെന്നും, പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും വിട്ടുവീഴ്ചയ്ക്ക് തയ്യാറായിരിക്കുകയാണെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.

യുപിഐ വഴി 2,000 രൂപയ്ക്ക് മുകളിലുള്ള വ്യാപാരികളുടെ ഇടപാടുകള്‍ക്ക് എംഡിആര്‍ ഈടാക്കാനാണ് തീരുമാനം. ഇത്തരം ഇടപാടുകള്‍ മൊത്തം ഇടപാടുകളുടെ 5 ശതമാനം മാത്രമാണെങ്കിലും, മൂല്യത്തിന്റെ കാര്യത്തില്‍ ഇത് 65 ശതമാനത്തോളം വരും. ഉപഭോക്താക്കളില്‍ നിന്ന് നേരിട്ട് ഫീസ് ഈടാക്കില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നതെങ്കിലും, വ്യാപാരികളില്‍ നിന്ന് പിരിക്കുന്ന ഈ തുക ഉല്‍പ്പന്നങ്ങളുടെ വില വര്‍ദ്ധിപ്പിച്ച് ഒടുവില്‍ സാധാരണക്കാരന്റെ പോക്കറ്റില്‍ നിന്നുതന്നെയായിരിക്കും ഈടാക്കുകയെന്ന് രാഹുല്‍ ചൂണ്ടിക്കാട്ടി.

ഇന്ത്യയിലെ ‘സീറോ-എംഡിആര്‍’ നയത്തെ അമേരിക്കന്‍ പേയ്മെന്റ് കമ്പനികള്‍ കാലങ്ങളായി എതിര്‍ത്തു വരികയാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. യുഎസ് വ്യാപാര കരാറിന്റെ കാര്യത്തില്‍ സംഭവിച്ചത് പോലെ, ഇവിടെയും നയം മാറ്റാന്‍ വഴിയൊരുക്കിക്കൊണ്ട് പ്രധാനമന്ത്രി അമേരിക്കന്‍ സമ്മര്‍ദ്ദങ്ങള്‍ക്ക് കീഴടങ്ങുകയാണെന്ന് എക്സിലെ കുറപ്പിലൂടെ അദ്ദേഹം ആരോപിച്ചു. അതേസമയം, വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടിയ ജനങ്ങളെ സഹായിക്കുന്നതിന് പകരം അവരുടെ പോക്കറ്റടിക്കാന്‍ ദിവസവും പുതിയ വഴികള്‍ കണ്ടെത്തുകയാണ് കേന്ദ്ര സര്‍ക്കാരെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും വിമര്‍ശിച്ചു. ‘യുപിഐ സൗജന്യമാണ്’ എന്നതില്‍ നിന്ന് 2,000 രൂപ വരെയുള്ള ഇടപാടുകള്‍ക്ക് മാത്രം സൗജന്യം എന്ന നിലയിലേക്ക് സര്‍ക്കാര്‍ മാറ്റം വരുത്തുകയാണെന്നും, ജനങ്ങളുടെ ചെറിയ സമ്പാദ്യം പോലും നശിപ്പിക്കാനായി ‘ഡിജിറ്റല്‍ പേയ്മെന്റ് ടാക്സ്’ ഏര്‍പ്പെടുത്താനാണ് ബിജെപി ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

Scroll to Top