മഞ്ഞപ്പിത്തം വ്യാപിക്കുന്നു: ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം

മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ മഞ്ഞപ്പിത്തം വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ അടിയന്തര യോഗം ചേര്‍ന്നു. രോഗവ്യാപനത്തിന്റെ ഗൗരവം കണക്കിലെടുത്ത് പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ആരോഗ്യ പ്രവര്‍ത്തകരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സ്ഥിതിഗതികള്‍ വിലയിരുത്തി.

ഒന്നാം വാര്‍ഡില്‍ പ്രത്യേകിച്ച് കുട്ടികളിലാണ് മഞ്ഞപ്പിത്തം കൂടുതലായി കണ്ടുവരുന്നത്. മൊഗ്രാല്‍ GHSS-ല്‍ പഠിക്കുന്ന ചില കുട്ടികളിലും രോഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതിനാല്‍ രക്ഷിതാക്കള്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്ന് യോഗം നിര്‍ദേശിച്ചു.

രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി വീടുകളിലെ കുടിവെള്ളം നിര്‍ബന്ധമായും ക്ലോറിനേറ്റ് ചെയ്യണം. കുടിവെള്ളം നന്നായി തിളപ്പിച്ചശേഷം മാത്രം ഉപയോഗിക്കണമെന്നും നിര്‍ദേശിച്ചു. വെള്ളത്തിന്റെ ശുചിത്വം ഉറപ്പാക്കുകയും വ്യക്തിശുചിത്വം പാലിക്കുകയും ചെയ്യണം.

കുട്ടികളില്‍ മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ സ്വയം ചികിത്സ നടത്താതെ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശം തേടുകയും ആവശ്യമായ പരിശോധനയും ചികിത്സയും ഉറപ്പാക്കുകയും ചെയ്യണം.

രോഗവ്യാപനം നിയന്ത്രിക്കുന്നതിനായി ആരോഗ്യവകുപ്പിന്റെയും പഞ്ചായത്തിന്റെയും നിര്‍ദേശങ്ങളുമായി സഹകരിച്ച് എല്ലാ കുടുംബങ്ങളും അതീവ ജാഗ്രത പാലിക്കണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു.

Scroll to Top