കൊച്ചി: വിവാദമായ ആസൂത്രണബോര്‍ഡ് പരീക്ഷകളുടെ ചുരുക്കപ്പട്ടിക പുതുക്കി പ്രസിദ്ധീകരിച്ച് പി എസ് സി. നേരത്തെ പരിശോധിക്കാതെ വിട്ട 10 ഉത്തരങ്ങളടക്കം പുനര്‍മൂല്യനിര്‍ണയം നടത്തിയാണ് പുതിയ പട്ടിക. വിവാദമായ രണ്ട് പരീക്ഷകളുടെയും ചുരുക്കപ്പട്ടികളിലും മാറ്റമുണ്ട്.
ആസൂത്രണ ബോര്‍ഡിലേക്ക് പിഎസ്‌സി നടത്തിയ പരീക്ഷകളില്‍ മൂല്യനിര്‍ണയത്തിലെ ക്രമക്കേട് റിപ്പോര്‍ട്ട് ചെയ്തത് ഏഷ്യാനെറ്റ് ന്യൂസ് ആയിരുന്നു. ചീഫ് ഇന്‍ഡസ്ട്രി ആന്റ് ഇന്‍ഫാസ്ട്രക്ചര്‍, പ്ലാന്‍ കോര്‍ഡിനേഷന്‍ ഡിവിഷന്‍ പോസ്റ്റുകളിലേക്കുള്ള പൊതുപരീക്ഷയിലായിരുന്നു ക്രമക്കേട്. 10 ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ പരിശോധിക്കാതെയിരുന്നു ചുരുക്കപട്ടിക പ്രസിദ്ധീകരിച്ച് റാങ്ക് പട്ടിക തയാറാക്കിയത്. ഇടത് ബന്ധമുള്ള ഒന്നാം റാങ്കുകാരന് അതിവേഗ നിയമനവും നല്‍കി. പിന്നാലെയാണ് ക്രമക്കേട് പുറത്തുവന്നത്. വിവരവകാശ രേഖകളില്‍ ക്രമക്കേട് വ്യക്തമായിരുന്നു. ഗുരുതര അട്ടിമറി വാര്‍ത്തയായതിന് പിന്നാലെയാണ് സര്‍ക്കാര്‍ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചത്.
പിഎസ്‌സി ആദ്യം തള്ളിക്കളഞ്ഞെങ്കിലും ഒടുവില്‍ പുനര്‍മൂല്യനിര്‍ണയത്തിനും ആഭ്യന്തര അന്വേഷണത്തിനും കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നതിനിടെയാണ് പുനര്‍മൂല്യനിര്‍ണയം നടത്തി രണ്ട് പരീക്ഷകളിലും ചുരുക്കപ്പട്ടിക പുതുക്കി പ്രസിദ്ധീകരിച്ചത്. ചീഫ് ഇന്‍ഡസട്രി ആന്‍ഡ് ഇന്‍ഫാസട്രക്ചര്‍ പട്ടികയില്‍ നേരത്തെയുണ്ടായിരുന്ന ഒരാള്‍ പുറത്തായി. പ്ലാന്‍ കോര്‍ഡിനേഷന്‍ പട്ടികയിലും മാറ്റമുണ്ട്. അഭിമുഖ മാര്‍ക്കും ചേര്‍ത്തായിരുന്നു അന്തിമ റാങ്ക് പട്ടിക. റാങ്ക് പട്ടികയില്‍ മാറ്റമുണ്ടായാല്‍ നേരത്തെ നിയമനം കിട്ടിയവര്‍ പുറത്തുപോകേണ്ടി വരും.




