തിരുവനന്തപുരം മൃഗശാല നെയ്യാറിലേക്ക് മാറ്റാനുള്ള മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ എതിര്‍ത്ത് സിപിഎം. വാണിജ്യ ലക്ഷ്യങ്ങളോടെ മുതലാളിമാര്‍ക്ക് സ്ഥലം മറിച്ചുനല്‍കാനാണ് ഈ നീക്കമെന്ന് വി കെ പ്രശാന്ത് എംഎല്‍എ ആരോപിച്ചു.
തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാല മാറ്റണമെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ നിര്‍ദേശത്തെ എതിര്‍ത്ത് സിപിഎം. നീക്കം വാണിജ്യ ലക്ഷ്യം മുന്നില്‍ കണ്ടെന്ന് വി കെ പ്രശാന്ത് എംഎല്‍എ വിമര്‍ശിച്ചു. മുതലാളിമാര്‍ക്ക് മറിച്ചു കൊടുക്കാനുള്ള ശ്രമമാണോ എന്നാ സംശയിക്കേണ്ടിയിരിക്കുന്നു എന്നും വിമര്‍ശനം. പദ്ധതിയുമായി മുന്നോട്ട് പോയാല്‍ ഇടതുപക്ഷം എതിര്‍ക്കുമെന്നും പ്രഖ്യാപനം.
നീക്കം വാണിജ്യ ലക്ഷ്യത്തോടെയെന്ന് വി കെ പ്രശാന്ത്
ഒരു വര്‍ഷം 12 ലക്ഷത്തിലധികം സഞ്ചാരികള്‍ തിരുവനന്തപുരം മൃഗശാലയിലെത്തുന്നു. എട്ട് കോടി രൂപയുടെ വരുമാനം ഉണ്ടാകുന്നുണ്ട്. മൃഗശാലയും മ്യൂസിയവും പറിച്ചു നടാനുള്ള ശ്രമം മുന്‍പും നടന്നിട്ടുണ്ട്. ഇപ്പോള്‍ ശ്രമം നടക്കുന്നത് വാണിജ്യ ലക്ഷ്യത്തോടെയാണ്. മുതലാളിമാര്‍ക്ക് മറിച്ചു കൊടുക്കാനുള്ള ശ്രമമുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും വി കെ പ്രശാന്ത് പ്രതികരിച്ചു. ആരുമായും ആലോചിക്കാതെയാണ് തീരുമാനം. നിര്‍ഭാഗ്യവശാല്‍ തിരുവനന്തപുരം മേയറും ഇതിനെ അനുകൂലിക്കുന്നുണ്ടെന്ന് വി കെ പ്രശാന്ത് പറയുന്നു. മൃഗങ്ങളില്‍ നിന്ന് രോഗം പകരും എന്നാണ് അദ്ദേഹം പറയുന്നത്. കേട്ടു കേള്‍വി ഇല്ലാത്ത കാര്യങ്ങളാണ് പറയുന്നത്. നഗരത്തെ നശിപ്പിക്കാനുള്ള ശ്രമം നടക്കുന്നു. അതിനെ ചെറുക്കുമെന്നും വി കെ പ്രശാന്ത് കൂട്ടിച്ചേര്‍ത്തു. സ്വയം അഭിപ്രായം പറയാതെ മുഖ്യമന്ത്രി മ്യൂസിയവും മൃഗശാലയും സന്ദര്‍ശിക്കണമെന്നും ജനങ്ങളുടെ അഭിപ്രായം കേള്‍ക്കണമെന്നും എംഎല്‍എ പറഞ്ഞു. പദ്ധതിയുമായി മുന്നോട്ടു പോയാല്‍ ഇടതുപക്ഷം എതിര്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരം മൃഗശാല സ്ഥിതി ചെയ്യുന്നത് ഉചിതമായ സ്ഥലത്തല്ലെന്നാണ് മുഖ്യമന്ത്രി ഇന്നലെ പ്രതികരിച്ചത്. നഗരത്തിലെ മൃഗശാല മൃഗങ്ങളോട് കാണിക്കുന്ന ക്രൂരത കൂടിയാണ്. നെയ്യാര്‍ പോലെ വനമേഖലയോട് ചേര്‍ന്ന് സ്ഥലത്തേക്ക് മാറ്റുന്നത് സര്‍ക്കാര്‍ പരിഗണനയിലുണ്ടെന്നുമാണ് മുഖ്യമന്ത്രി റീ ഇമേജനിങ് കേരളം പരിപാടിയില്‍ പറഞ്ഞത്. മൃഗശാല മാറ്റിയാല്‍ പകരം സ്ഥലം മാഡിസണ്‍ സ്‌ക്വയര്‍ പോലെ പ്രധാനകേന്ദ്രമാക്കി മാറ്റുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആശയത്തെ അനൂകലിച്ചും എതിര്‍ത്തും അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്. തിരുവനന്തപുരം മേയര്‍ വി വി രാജേഷ് ആശയത്തെ സ്വാഗതം ചെയ്യുകയായിരുന്നു. പുതിയ കാലത്ത് നഗരവികസനത്തിന്റെ സാധ്യതകള്‍ മനസ്സിലാക്കിയുള്ള നടപടികളാണ് വേണ്ടതെന്ന് മേയര്‍ പറഞ്ഞു. 36 ഏക്കറോളം വരുന്ന സ്ഥലത്താണ് തിരുവനന്തപുരം മൃഗശാല സ്ഥിതി ചെയ്യുന്നത്. സ്ഥല പരിമതിയും മറ്റും ചൂണ്ടികാട്ടി മുന്‍പ് തന്നെ നഗരത്തില്‍ നിന്ന് മൃഗശാല മാറ്റണമെന്ന അഭിപ്രായം ഉയര്‍ന്നിട്ടുണ്ടെങ്കിലും കാര്യമായ നടപടി ഉണ്ടായിരുന്നില്ല.




