ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രിയായി മറാഠി ചിത്രം ‘ഗോന്ധല്‍’

2027 ലെ ഓസ്‌കര്‍ പുരസ്‌കാരങ്ങളില്‍ പരിഗണിക്കപ്പെടാനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി മറാഠി ചിത്രം ഗോന്ധല്‍. ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യയാണ് ഇക്കാര്യം അറിയിച്ചത്. സന്തോഷ് ദവഖാര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം ഗ്രാമീണ മഹാരാഷ്ട്ര കഥാപശ്ചാത്തലമാക്കുന്ന ഒന്നാണ്. നവദമ്പതികള്‍ക്കായി രാത്രിയില്‍ നടക്കുന്ന ഒരു പരമ്പരാഗത ആചാരത്തെ ചുറ്റിപ്പറ്റിയാണ് സിനിമ. 99-ാമത് അക്കാദമി അവാര്‍ഡ്‌സില്‍ മികച്ച അന്തര്‍ദേശീയ ഫീച്ചര്‍ ചിത്രത്തിനുള്ള വിഭാഗത്തിലേക്കാണ് ഗോന്ധല്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. 33 ചിത്രങ്ങളില്‍ നിന്നാണ് ഗോന്ധല്‍ അന്തിമമായി തിരഞ്ഞെടുക്കപ്പെട്ടതെന്ന് സെലക്ഷന്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി ശേഷാദ്രി അറിയിച്ചു.

ഇന്ത്യയുടെ ഓസ്‌കര്‍ എന്ട്രിയാവാന്‍ മത്സരിച്ചതില്‍ നാല് മറാഠി ചിത്രങ്ങളും 14 ഹിന്ദി ചിത്രങ്ങളും ഉണ്ടായിരുന്നു. മലയാളത്തില്‍ നിന്ന് ബാലന്‍ ദ ബോയ് എന്ന ചിത്രവും മത്സരത്തിലുണ്ടായിരുന്നു. ഇത് ഇന്ത്യന്‍ സിനിമയുടെ നല്ല സമയമാണെന്നും മത്സരിച്ച എല്ലാ ചിത്രങ്ങളും നല്ലതായിരുന്നുവെന്നും പി ശേഷാദ്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 10 ദിവസം കൊണ്ടാണ് വിവിധ ഭാഷകളിലെ 33 ചിത്രങ്ങള്‍ സെലക്ഷന്‍ കമ്മിറ്റി കണ്ടത്. അംഖ്, ഇക്കിസ് എന്നീ ചിത്രങ്ങളാണ് അവസാന മൂന്നില്‍ ഗോന്ധലിനൊപ്പം ഉണ്ടായിരുന്നത്.

2025 ല്‍ ഗോവയില്‍ നടന്ന ഇന്ത്യയുടെ 56-ാമത് അന്തര്‍ദേശീയ ചലച്ചിത്ര മേളയില്‍ ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ വേള്‍ഡ് പ്രീമിയര്‍ നടത്തിയ ചിത്രമാണ് ഗോന്ധല്‍. മേളയില്‍ മികച്ച സംവിധായകനുള്ള രജത മയൂരം സന്തോഷ് ദവഖാര്‍ നേടിയിരുന്നു. ഗ്രാമീണ മഹാരാഷ്ട്രയിലെ ഒരു നൃത്ത കലയാണ് ഗോന്ധല്‍. വിവാഹ ജീവിതത്തില്‍ അടിച്ചമര്‍ത്തല്‍ നേരിടുന്ന സുമന്‍ എന്ന യുവതിയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. മുന്‍ കാമുകനൊപ്പം രക്ഷപെടാനായി ഒരു കൊലപാതകം ആസൂത്രണം ചെയ്യുകയാണ് അവര്‍. വിശ്വാസം, ഭക്തി, ചതി എന്നിവയുടെയെല്ലാ അതിര്‍ത്തികളെ മായ്ക്കുന്ന അനുഭവമാണ് ഈ സിനിമ.

ഇഷിത ദേശ്മുഖ് ആണ് സുമന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. കിഷോര്‍ കദം, യോഗേഷ് സൊഹാനി, നിഷാദ് ഭോയിര്‍, അനുജ് പ്രഭു, ധ്രു തോകെ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഇളയരാജയാണ് ഈ മറാഠി ചിത്രത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് എന്നതും കൗതുകം. ധുരന്ധര്‍, ധുരന്ധര്‍ 2, ഹനുമാന്‍ അന്‍ഷ്, പെഡ്ഡി, ബോര്‍ഡര്‍ 2 തുടങ്ങിയ ചിത്രങ്ങളും ഇന്ത്യയുടെ ഓസ്‌കര്‍ എന്‍ട്രിക്കായുള്ള മത്സരത്തില്‍ ഉണ്ടായിരുന്നു.

Scroll to Top