തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്വേഷണ സംഘത്തിന്റെ മെല്ലെപോക്കില്‍ ഇടഞ്ഞ് ദേവസ്വം മന്ത്രി കെ മുരളീധരന്‍. വിഷയത്തില്‍ എജിയോട് വിശദീകരണം തേടിയിരിക്കുകയാണ് മന്ത്രി. കട്ടിളപ്പാളി കേസില്‍ ഈ മാസം 22ന് കുറ്റപത്രം സമര്‍പ്പിക്കാനായിരുന്നു കോടതി നിര്‍ദേശം. എന്നാല്‍ 3 ദിവസം മാത്രം ശേഷിക്കേ ഇതുവരെയും അന്വേഷണ സംഘം പ്രോസിക്യൂഷന്‍ അനുമതി പോലും തേടിയിട്ടില്ല. ഇതാണ് വകുപ്പ് മന്ത്രിയെ ചൊടിപ്പിച്ചത്.
മുന്‍ ദേവസ്വം, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ 15 പേര്‍ പ്രതികളായ കേസില്‍ 13 പേര്‍ക്കെതിരേയും കുറ്റപത്രം നല്‍കാന്‍ പ്രോസിക്യൂഷന്‍ അനുമതി ആവശ്യമാണ്. ആഭ്യന്തരവകുപ്പും ദേവസ്വം വകുപ്പും നിയമവകുപ്പും കുറ്റപത്രം പരിശോധിച്ചശേഷമാണ് അനുമതി നല്‍കേണ്ടത്. എസ്‌ഐടി തലവന്‍ എസ്പി എസ് ശശിധരന്‍ നേരിട്ട് ഹാജരായി അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഹൈകോടതിയില്‍ സമര്‍പ്പിച്ചിരുന്നു. അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കാലതാമസം ഉണ്ടാകരുതെന്ന് അന്ന് കോടതി നിര്‍ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയും എസ്‌ഐടിയ്‌ക്കെതിരെ രം?ഗത്തെത്തിയിരിക്കുന്നത്.
കട്ടിളപ്പാളി കേസില്‍ അന്വേഷണം പൂര്‍ത്തിയായി. ദ്വാരപാലക ശില്‍പ കേസിലെ അന്വേഷണം അവസാനഘട്ടത്തിലാണ്. ശാസ്ത്രിയ പരിശോധന ഫലം കൂടി ചേര്‍ത്ത് അന്തിമ റിപ്പോര്‍ട്ട് ഇ മാസം അവസാനത്തോടെ വിചാരണ കോടതിയില്‍ സമര്‍പ്പിക്കാമെന്ന് എസ്‌ഐടി കോടതിയെ അറിയിക്കുകയായിരുന്നു. എസ്‌ഐടി അന്വേഷണം ആരംഭിച്ചിട്ട് 11 മാസം പിന്നിട്ടു.




