തിരുവനന്തപുരം: തെക്കന്‍ ജില്ലകളിലും മധ്യ കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ്. വ്യാഴാഴ്ച കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലും യെല്ലോ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
അപ്രതീക്ഷിതമായി ഇന്നലെ സംസ്ഥാനത്തുണ്ടായ മഴയില്‍ ഒമ്പത് മരണം റിപ്പോര്‍ട്ട് ചെയ്തു. മലപ്പുറം പൂക്കോട്ടുംപാടത്ത് മലവെള്ളപാച്ചിലില്‍ അഞ്ച് പേരാണ് മരിച്ചത്. കാണാതായ ഒരാള്‍ക്കായി തിരച്ചില്‍ തുടരുന്നു. അപകടസ്ഥലത്ത് മുഖ്യമന്ത്രി വി ഡി സതീശന്‍ അല്‍പസമയത്തിനകം സന്ദര്‍ശനം നടത്തും. കനത്ത മഴയില്‍ കോട്ടയം, ഇടുക്കി ജില്ലകളുടെ മലയോരമേഖകളില്‍ വ്യാപക നഷ്ടമുണ്ടായി.
അതേസമയം ഇന്നലെ അര്‍ദ്ധരാത്രിയിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അതിശക്തമായ മഴ ലഭിച്ചു. പലയിടങ്ങളിലും മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ച്ചയായ മഴയില്‍ ജലാശയങ്ങളിലെ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങളിലും മണ്ണിടിച്ചില്‍ സാധ്യതയുള്ള മേഖലകളില്‍ പ്രത്യേക ജാഗ്രത നിര്‍ദേശം. കോട്ടയം, ഇടുക്കി പത്തനംതിട്ട ജില്ലകളിലെ മലയോര മേഖലകളില്‍ പ്രത്യേക ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.




