മലപ്പുറം: ചോക്കാട് കോട്ടപ്പുഴയിലെ മലവെള്ളപ്പാച്ചിലില്‍ നടന്നത് നിര്‍ഭാഗ്യകരമായ സംഭവമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. കാണാതായ സ്ത്രീക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് ആവശ്യമായ എല്ലാവിധ സഹായങ്ങളും സര്‍ക്കാര്‍ ചെയ്തുകൊടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൂക്കോട്ടുംപാടം സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.
നിര്‍ഭാഗ്യകരമായ സംഭവമാണ് ഇവിടെ നടന്നത്. മഴക്കാലം പോലുമായിരുന്നില്ല. അപ്രതീക്ഷിതമായെത്തിയ മലവെള്ളം വലിയ ദുരന്തമായി മാറുകയായിരുന്നു. ടൂറിസ്റ്റ് സ്‌പോട്ട് ആയി പ്രഖ്യാപിച്ച സ്ഥലമല്ല ഇവിടം. നല്ല ഭംഗിയുള്ള സ്ഥലമാണെന്ന് സമൂഹമാധ്യമങ്ങളില്‍ വീഡിയോകള്‍ പ്രചരിച്ചതിനെ തുടര്‍ന്ന് പല സ്ഥലങ്ങളില്‍ നിന്ന് ആളുകള്‍ എത്തിയിരുന്നു. പ്രദേശത്ത് കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തും. ജില്ലാ ഭരണകൂടം അതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മരണപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്നും കാണാതായ സ്ത്രീക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
മഴ പെയ്യുന്നതുമായി ബന്ധപ്പെട്ട് മുന്നറിയിപ്പൊന്നും ഉണ്ടായിരുന്നില്ല. ഇതാണ് അപ്രതീക്ഷിതമായി വലിയ ദുരന്തമായി മാറിയത്. ജില്ലാ അടിസ്ഥാനത്തില്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് തയ്യാറാക്കും. എന്‍ജിഒകളുടെയും സ്ഥാപനങ്ങളുടെയും സഹായം തേടും. കുടുംബങ്ങള്‍ക്ക് സഹായം നല്‍കും. ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തിന് ശേഷം ഈ സഹായം പ്രഖ്യാപിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.




