അമേരിക്കയില്‍ മാധ്യമങ്ങളും വൈറ്റ് ഹൗസും തമ്മില്‍ തര്‍ക്കം രൂക്ഷം: പ്രസ് പൂളില്‍ നിന്ന് സിഎന്‍എന്‍ പുറത്ത്; നടപടി ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ

വാഷിങ്ടണ്‍ ഡിസി: അമേരിക്കയില്‍ വൈറ്റ് ഹൗസും പ്രമുഖ മാധ്യമസ്ഥാപനങ്ങളും തമ്മിലുള്ള തര്‍ക്കം കൂടുതല്‍ രൂക്ഷമാകുന്നു. വൈറ്റ് ഹൗസ് ടെലിവിഷന്‍ പ്രസ് പൂള്‍ ചുമതലയില്‍ നിന്ന് സിഎന്‍എന്‍-നെ ഒഴിവാക്കി. സിഎന്‍എന്‍, എംഎസ് നൗ, പൊളിറ്റിക്കോ എന്നിവയെ വിലക്കുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പുതിയ നടപടി.

പതിവ് റൊട്ടേഷന്‍ അനുസരിച്ച് തിങ്കളാഴ്ച വൈറ്റ് ഹൗസ് ടിവി പൂളിന്റെ ചുമതല സിഎന്‍എന്‍-നായിരുന്നു. യു.എന്‍. ജനറല്‍ അസംബ്ലിക്കായി ട്രംപ് ന്യൂയോര്‍ക്കിലേക്ക് പോകുമ്പോള്‍ പ്രസിഡന്റിനൊപ്പം യാത്ര ചെയ്ത് ദൃശ്യങ്ങള്‍ മറ്റ് മാധ്യമങ്ങള്‍ക്കുകൂടി ലഭ്യമാക്കേണ്ടതും സിഎന്‍എന്‍ ആയിരുന്നു. എന്നാല്‍ ഞായറാഴ്ച രാത്രി വൈറ്റ് ഹൗസ് പുറത്തിറക്കിയ അടുത്ത ദിവസത്തെ മാധ്യമ ഷെഡ്യൂളില്‍ പ്രധാന ടിവി പൂള്‍ നെറ്റ്വര്‍ക്കായി ആരെയും ഉള്‍പ്പെടുത്തിയിരുന്നില്ല. ദീര്‍ഘകാലമായി എബിസി, സിബിഎസ്, സിഎന്‍എന്‍, എന്‍ബിസി, ഫോക്സ് ന്യൂസ് എന്നീ അഞ്ച് പ്രമുഖ നെറ്റ്വര്‍ക്കുകള്‍ മാറിമാറിയാണ് വൈറ്റ് ഹൗസ് ടിവി പൂള്‍ ചുമതല വഹിക്കുന്നത്. പ്രസിഡന്റിന്റെ പരിപാടികള്‍ ചിത്രീകരിച്ച് തത്സമയ ദൃശ്യങ്ങള്‍ മറ്റ് മാധ്യമങ്ങള്‍ക്കും ലഭ്യമാക്കുന്നതാണ് പൂളിന്റെ പ്രധാന ചുമതല. സിഎന്‍എന്‍-നെ ഒഴിവാക്കിയതിനെതിരെ മറ്റ് നാല് നെറ്റ്വര്‍ക്കുകള്‍ എന്ത് നിലപാട് സ്വീകരിക്കുമെന്നത് വ്യക്തമല്ല. അതേസമയം, നിയന്ത്രണത്തെ ചോദ്യം ചെയ്ത് ഫസ്റ്റ് അമെന്റ്‌മെന്റ് അടിസ്ഥാനമാക്കിയുള്ള നിയമനടപടിക്ക് ബന്ധപ്പെട്ട മാധ്യമസ്ഥാപനങ്ങള്‍ തയ്യാറെടുക്കുന്നതായാണ് റിപ്പോര്‍ട്ട്. ഇതോടെ വൈറ്റ് ഹൗസും മാധ്യമങ്ങളും തമ്മിലുള്ള തര്‍ക്കം പുതിയ നിയമപോരാട്ടത്തിലേക്ക് നീങ്ങുകയാണ്.

Scroll to Top