വെള്ളരിക്കുണ്ട്:കുടുംബശ്രീ പട്ടികവര്‍ഗ്ഗ സുസ്ഥിര വികസന പദ്ധതിയുടെയും ‘വായിക്കാനം വാഴത്തട്ട്’ സ്‌പെഷ്യല്‍ പ്രോജക്ടിന്റെയും ഭാഗമായി ട്രൈബല്‍ ബാലസഭ കുട്ടികള്‍ക്കായി റോബോട്ടിക്‌സ് ശില്പശാല സംഘടിപ്പിച്ചു. കാസര്‍ഗോഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എഐ-ടെക് സ്ഥാപനത്തിന്റെ സഹകരണത്തോടെയാണ് പരിശീലനം നല്‍കിയത്.
മോഷന്‍ സെന്‍സറുകളുടെ പ്രവര്‍ത്തനം, സെന്‍സറുകളുടെ ഇന്‍സ്റ്റലേഷന്‍ എന്നിവയില്‍ കുട്ടികള്‍ക്ക് പ്രായോഗിക പരിശീലനം നല്‍കി. കാര്‍ റിവേഴ്സ് സെന്‍സര്‍, സെന്‍സിങ് വാക്കിങ് സ്റ്റിക്ക് എന്നിവ കുട്ടികള്‍ സ്വയം ഇന്‍സ്റ്റാള്‍ ചെയ്ത് പ്രവര്‍ത്തിപ്പിച്ചു. ഊരുകളില്‍ നിന്നുള്ള 36 കുട്ടികളാണ് ശില്പശാലയില്‍ പങ്കെടുത്തത്.
പരിപാടിയുടെ ഉദ്ഘാടനം കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ കിഷോര്‍ കുമാര്‍ കെ.എം. നിര്‍വഹിച്ചു. ബളാല്‍ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ മേരി ബാബു അധ്യക്ഷത വഹിച്ചു. ജില്ലാ പ്രോഗ്രാം മാനേജര്‍ രത്‌നേഷ് പി. പദ്ധതി വിശദീകരണം നടത്തി. ബളാല്‍ സിഡിഎസ് വൈസ് ചെയര്‍പേഴ്‌സണ്‍ വാസന്തി, അനിമേറ്റര്‍ കോര്‍ഡിനേറ്റര്‍ മനീഷ്, എഐ-ടെക് സെന്റര്‍ ഹെഡ് രാജേഷ് എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് കോര്‍ഡിനേറ്റര്‍ സോയ നന്ദി പറഞ്ഞു. പരിശീലനത്തില്‍ പങ്കെടുത്ത കുട്ടികളും എസ്ടി അനിമേറ്റര്‍മാരും അനുഭവങ്ങള്‍ പങ്കുവെച്ചു.




