കൊച്ചി: വടകര എംഡിഎംഎ കേസില്‍ അധ്യാപികയായ മൂന്നാം പ്രതി കാവ്യക്ക് ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസിലെ രണ്ടാം പ്രതിക്ക് നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. ജുഡീഷ്യല്‍ കസ്റ്റഡി ഇനിയും വേണ്ടതില്ലെന്നു വിലയിരുത്തിയാണ് ഹൈക്കോടതി കാവ്യയ്ക്ക് ജാമ്യം വടകര സ്വദേശി സഫാന്‍ 2 ഗ്രാം എംഡിഎംഎയുമായി ഡാന്‍സാഫിന്റെ പിടിയിലായതോടെയാണ് സാമ്പത്തിക ഇടനിലക്കാരിയായ അധ്യാപിക കീര്‍ത്തനയിലേക്കും, തുടര്‍ന്ന് മറ്റ് അധ്യാപികമാരിലേക്കും അന്വേഷണം നീണ്ടത്.
കേസില്‍ പേരാമ്പ്ര ബിആര്‍സിയിലെ സ്‌പെഷല്‍ എജ്യുക്കേറ്റര്‍ മരുതോങ്കര സ്വദേശി കീര്‍ത്തന (31), ചെരുവാളൂര്‍ സര്‍ക്കാര്‍ എല്‍പി സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ഓട്ടിസം സെന്ററിലെ അധ്യാപിക കൂരാച്ചുണ്ട് ചെറുക്കാട്ട് സ്വദേശി കെ.കാവ്യ (29), പേരാമ്പ്ര ബിആര്‍സിയിലെ (ബ്ലോക്ക് റിസോഴ്‌സ് സെന്റര്‍) സ്‌പെഷല്‍ എജ്യുക്കേറ്റര്‍ ആവള കുട്ടോത്ത് വലിയപറമ്പില്‍ വി.പി.നീഷ്മ (30), ഇരിട്ടി സ്വദേശിയും ഓണ്‍ലൈന്‍ ഡെലിവറി എജന്റുമായ ജിജില്‍ കുര്യാക്കോസ്, സഫ്വാന്‍ എന്നിവരാണ് അറസ്റ്റിലായിരുന്നത്. വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശിയായ ഷിന്റോ ഷിബുവിനെയാണ് (22) മുഖ്യ സൂത്രധാരനായി പൊലീസ് തിരിച്ചറിഞ്ഞിട്ടുള്ളത്.
അധ്യാപികമാര്‍ പ്രതികളായ വടകര എംഡിഎംഎ കേസില്‍ സാമ്പത്തിക ഇടപാടുകളെ കേന്ദ്രീകരിച്ചായിരുന്നു പോലീസ് അന്വേഷണം പുരോഗമിക്കുന്നത്. ഇരിട്ടി സ്വദേശിയും ഡെലിവറി ഏജന്റുമായ ജിജിന്‍ കുര്യാക്കോസ് ഇപ്പോഴും ജയിലിലാണ്. കേസിലെ പ്രതികളായ ബിആര്‍സിയിലെ അധ്യാപികമാരായ കീര്‍ത്തന, കാവ്യ, നീഷ്മ എന്നിവര്‍ ജിജിന്റെ അക്കൗണ്ടിലേക്ക് വന്‍തോതില്‍ പണം അയച്ചതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ആറ് മാസം കൊണ്ട് ഒരു കോടിയിലേറെ രൂപയാണ് ജിജിലിന്റെ അക്കൗണ്ടിലെത്തിയത്.




