തിരുവനന്തപുരം : തമിഴക വെട്രി കഴകം (ടിവികെ) കേരള ഘടകത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്ന് കേരളത്തില്‍ പാര്‍ട്ടി ഏകോപന ചുമതലയുള്ള നേതാക്കള്‍ അറിയിച്ചു. കേരളത്തിലെ എല്ലാ ജില്ലകളിലും കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനം ശക്തമാക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ നിര്‍ദ്ദേശിച്ചതായും ടിവികെ സംസ്ഥാന ഘടകം നേതാവ് ഡോ സുലൈമാന്‍ ബഷീര്‍ പറഞ്ഞു. ജില്ലാ ആസ്ഥാനങ്ങളില്‍ കൊടിമരം നാട്ടി ടിവികെയുടെ ഓദ്യോഗിക പതാക ഉയര്‍ത്തും . പുതിയ അംഗങ്ങളെ ചേര്‍ക്കുന്നതിന് പുറമെ മറ്റ് രാഷ്ട്രീയ പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്നവരെ ടിവികെയിലേക്ക് ക്ഷണിക്കാനും ചെന്നൈയില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന പാര്‍ട്ടി ഉന്നതല യോഗത്തില്‍ ധാരണയായി.
തമിഴ്‌നാട്ടില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത് കണക്കിലെടുത്താണ് കേരളത്തില്‍ പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം വൈകിയതെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചെങ്കല്‍പേട്ട് ജില്ലയിലെ മധുരാന്തകം , തിരുപ്പൂര്‍ ജില്ലയിലെ ധാരാപുരം എന്നീ മണ്ഡലങ്ങളില്‍ ടിവികെ സ്ഥാനാര്‍ഥികളുടെ വിജയം ഉറപ്പാക്കാന്‍ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ കേരളത്തില്‍ നിന്നുള്ള നേതാക്കളും അണികളും പങ്കെടുക്കുന്നുണ്ട്. ഡോ സുലൈമാന്‍ ബഷീറിന്റെ നേതൃത്തില്‍ ചെന്നൈയില്‍ ക്യാമ്പ് ചെയ്യുന്ന സംസ്ഥാന നേതാക്കളും പ്രവര്‍ത്തകരും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. ടിവികെയുടെ മുതിര്‍ന്ന നേതാക്കളായ പുഷ്യാനന്തന്‍, കെ എ ചെങ്കോട്ടയന്‍ തമിഴ്‌നാട് നിയമ സഭാ സ്പീക്കര്‍ ജെസിഡി പ്രഭാകര്‍ എന്നിവരുമായി കേരളത്തിലെ നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.
എല്ലാ ജനാധിപത്യ വിശ്വാസികളെയും ടിവികെയിലെത്തിക്കാനാണ് കേരള നേതാക്കളുടെ ലക്ഷ്യം . നേതാക്കളായ ഡോ ബിജു രേമേശ്, ഡോ സുലൈമാന്‍ ബഷീര്‍ ,വിഴിഞ്ഞം എം എ വാഹിദ് , ആഷിഫ് , വിമല എന്നിവരുടെ നേതൃത്വത്തിലാണ് ടിവികെ കേരളത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത് .




