കലാസൂര്യന് വിട: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു

നാടക കലാകാരനും സംഘാടകനുമായ സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു. 78 വയസ്സായിരുന്നു. കലാ കൂട്ടായ്മ സൂര്യയുടെ അമരക്കാരനായിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സൂര്യകൃഷ്ണ മൂര്‍ത്തി തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കേരളത്തിന്റെ കലാ-സാംസ്‌കാരിക മേഖലയില്‍ അടയാളപ്പെടുത്തിയ കലാ കൂട്ടായ്മയുടെ അമരക്കാരനാണ് വിട പറയുന്നത്.

1951 ഏപ്രില്‍ 11ന് കോട്ടയം ജില്ലയില്‍ ജനനം. തിരുവനന്തപുരം ഗവണ്‍മെന്റ് മോഡല്‍ സ്‌കൂളിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. തുടര്‍ന്ന് കൊല്ലം ടി.കെ.എം എന്‍ജിനീയറിങ് കോളേജില്‍ നിന്ന് ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം നേടി. എന്‍ജിനീയറിങ് പഠനത്തിന് പിന്നാലെ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐഎസ്ആര്‍ഒയില്‍ ശാസ്ത്രജ്ഞനായി ഔദ്യോഗിക ജീവിതത്തിന് തുടക്കം. എന്നാല്‍ കലയും നാടകവും തന്നെയായിരുന്നു പിന്നീട് ജീവിതത്തിന്റെ പ്രധാന വഴിത്തിരിവായത്.

1977-ലാണ് സൂര്യ ഫെസ്റ്റിവലിന് തുടക്കമിട്ടത്. പിന്നീട് സൂര്യ സ്റ്റേജ് ആന്‍ഡ് ഫിലിം സൊസൈറ്റിയിലൂടെ നാടകവും സംഗീതവും നൃത്തവും ഉള്‍പ്പെടെ
വിവിധ കലാരൂപങ്ങള്‍ക്ക് വലിയ വേദിയൊരുക്കി. വെളിച്ചവും ശബ്ദവും ഉപയോഗിച്ചുള്ള വലിയ വേദി അവതരണങ്ങളില്‍ പുതിയ പരീക്ഷണങ്ങള്‍. ‘ചായക്കടക്കഥകള്‍’, ‘എന്റെ രക്ഷകന്‍’, ‘മേല്‍വിലാസം’ തുടങ്ങി ശ്രദ്ധേയമായ സൃഷ്ടികള്‍. ‘മേല്‍വിലാസം’ പിന്നീട് സിനിമയായും ശ്രദ്ധ നേടി.

കലാരംഗത്തെ സംഭാവനകള്‍ക്ക് 1996-ല്‍ രാഷ്ട്രപതിയുടെ നാഷണല്‍ അവാര്‍ഡ് ഫോര്‍ സ്റ്റേജ് ക്രാഫ്റ്റ് ആന്‍ഡ് ഡയറക്ഷന്‍ ലഭിച്ചു. തമിഴ്‌നാട് സര്‍ക്കാരിന്റെ കലൈമാമണി ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങളും തേടിയെത്തി. കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ഡയറക്ടറായും കേരള സംഗീത നാടക അക്കാദമി ചെയര്‍മാനായും വിവിധ ദേശീയ-സംസ്ഥാന ചലച്ചിത്ര, സാംസ്‌കാരിക സമിതികളിലും പ്രവര്‍ത്തിച്ചു. 2023-ല്‍ കേരള സര്‍ക്കാര്‍ നല്‍കുന്ന കേരള പ്രഭ പുരസ്‌കാരവും സൂര്യ കൃഷ്ണമൂര്‍ത്തിയെ തേടിയെത്തി.

Scroll to Top