ദില്ലി: തൃണമൂല്‍ വിമത എംപിമാരുടെ അയോഗ്യത സംബന്ധിച്ച പരാതിയില്‍ തീരുമാനം വൈകരുതെന്ന് സുപ്രീംകോടതി. അയോഗ്യതയിലെ പരാതി മൂന്ന് മാസമായിട്ടും തീര്‍പ്പാക്കാത്ത സ്പീക്കറുടെ മെല്ലപ്പോക്കില്‍ കോടതി കടുത്ത അസ്വസ്ഥത പ്രകടിപ്പിച്ചു. അവധി രണ്ട് തവണ നീട്ടി നല്‍കിയിട്ടും മറുപടി നല്‍കാത്ത തൃണമൂല്‍ വിമതര്‍ നാലാഴ്ച കൂടി സമയം തേടി.
തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് നാഷണലിസ്റ്റ് സിറ്റിസണ്‍സ് പാര്‍ട്ടിയില്‍ ചേര്‍ന്ന 20 എംപിമാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ പരാതിയില്‍ ലോക്‌സഭ സ്പീക്കര്‍ ഓംബിര്‍ല നടപടി വൈകിപ്പിക്കുന്നതിനൈ തുടര്‍ന്നാണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജി സുപ്രീംകോടതിയിലെത്തിയത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് രാജ്യത്തെ ജനാധിപത്യ പ്രക്രിയയെ ബാധിക്കുന്ന വിഷയമായിട്ടും നടപടി വൈകുന്നതെന്തുകൊണ്ടാണെന്ന് ചോദിച്ചു.
ഇക്ക ഴിഞ്ഞ ജൂണ്‍ പതിനെട്ടിന് എംപിമാര്‍ സ്വമേധയാ രാജിവെച്ചതിന്റെതടക്കം രേഖകളുമായി സ്പീക്കര്‍ക്ക് പരാതി നല്‍കിയതാണെന്ന് അഭിഷേക് ബാനര്‍ജിയുടെ അഭിഭാഷകനും തൃണമൂല്‍ നേതാവുമായ കല്യാണ്‍ ബാനര്‍ജി കോടതിയെ അറിയിച്ചു. കെയ്ഷാം മേഘചന്ദ്ര സിംഗ് വേഴ്‌സസ് മണിപ്പൂര്‍ അസംബ്ലി കേസ് ചൂണ്ടിക്കാട്ടി കൂറുമാറ്റ നിരോധന നിയമ പ്രകാരമുള്ള പരാതികള്‍ മൂന്ന് മാസത്തിനുള്ളില്‍ തീര്‍പ്പാക്കേണ്ടതാണെന്ന് കോടതി നിരീക്ഷിച്ചു. അഭിഷേക് ബാനര്‍ജിയുടെ പരാതിയില്‍ വേഗത്തില്‍ തീര്‍പ്പുണ്ടാകണമെന്നും ഉചിതമായ നടപടി സ്പീക്കര്‍ തീരുമാനിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.
14 ദിവസത്തിനുള്ളില്‍ മറുപടി നല്‍കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ അഞ്ചിന് എംപിമാര്‍ക്ക് സ്പീക്കര്‍ നോട്ടീസ് നല്‍കിയിരുന്നു. മറുപടി നല്‍കാത്ത വിമതര്‍ക്ക് ഇന്നലെ വരെ സമയം വീണ്ടും അനുവദിച്ചു. ഇന്നലെയും മറുപടി നല്‍കാത്ത വിമത എംപിമാര്‍ നാലാഴ്ച കൂടി അധികം ചോദിക്കുമ്പോള്‍ സ്പീക്കര്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല. കോടതി കടുത്ത നിരീക്ഷണത്തിലേക്ക് പോയ സാഹചര്യത്തില്‍ സ്പീക്കറുടെ തീരുമാനം വൈകിയേക്കില്ല.
ബിജെപിയിലേക്ക് പോകണമെന്ന ഒരു വിഭാഗത്തിന്റെ നിലപാടിനെ മറ്റുള്ളവര്‍ എതിര്‍ക്കുന്നതാണ് വിമത പക്ഷത്തെ പ്രതിസന്ധിക്ക് കാരണം. മണ്ഡല പുനര്‍നിര്‍ണയമടക്കം നിര്‍ണായക ബില്ലുകള്‍ കൊണ്ടുവരാനിരിക്കെ വിമതരുടെ നീക്കത്തിന് സര്‍ക്കാരും കാത്തിരിക്കുന്നതാണ് സ്പീക്കറുടെ തീരുമാനം വൈകാന്‍ കാരണമെന്നാണ് സൂചന.




