Home Kasaragod ദുര്‍മരണമുണ്ടാകുമെന്ന് വീട്ടമ്മയെ തെറ്റിദ്ധിരിപ്പിച്ച് സ്വര്‍ണവും പണവും അപഹരിച്ചത്

ദുര്‍മരണമുണ്ടാകുമെന്ന് വീട്ടമ്മയെ തെറ്റിദ്ധിരിപ്പിച്ച് സ്വര്‍ണവും പണവും അപഹരിച്ചത്

by KCN CHANNEL
0 comment


ഭര്‍ത്താവിനും മക്കള്‍ക്കും ദുര്‍മരണമുണ്ടാകുമെന്ന് വീട്ടമ്മയെ തെറ്റിദ്ധരിപ്പിച്ച് കളമശേരി സ്വദേശിയായ അന്‍വറാണ് പണവും സ്വര്‍ണവും അപഹരിച്ചതെന്നാണ് കണ്ടെത്തല്‍.

കൊച്ചി: ആലുവയിലെ വീട്ടില്‍ നിന്ന് നാല്‍പത് പവനും എട്ടര ലക്ഷം രൂപയും നഷ്ടപ്പെട്ടത് കവര്‍ച്ചാ നാടകമെന്ന് സ്ഥീരീകരിച്ച് പൊലീസ്. ഭര്‍ത്താവിനും മക്കള്‍ക്കും ദുര്‍മരണമുണ്ടാകുമെന്ന് വീട്ടമ്മയെ തെറ്റിദ്ധരിപ്പിച്ച് കളമശേരി സ്വദേശിയായ അന്‍വറാണ് പണവും സ്വര്‍ണവും അപഹരിച്ചതെന്നാണ് കണ്ടെത്തല്‍. കള്ളിപൊളിയുമെന്നായതോടെ അറസ്റ്റിലായ അന്‍വര്‍ തന്നെയാണ് കവര്‍ച്ചാ നാടകം ആസൂത്രണം ചെയ്തതും പൊലീസ് സ്ഥിരീകരിച്ചു.

ഇക്കഴിഞ്ഞ ആറിന് ആലുവ കാസിനോ തിയേറ്ററിന് സമീപത്തെ വീട്ടില്‍ കവര്‍ച്ച നടന്നെന്നാന്ന് പരാതി ഉയര്‍ന്നത്. നാല്‍പത് പവനും എട്ടര ലക്ഷം രൂപയും നഷ്ടപ്പെട്ടെന്നായിരുന്നു വീട്ടുടമയായ ഇബ്രാഹിമിന്റെ പരാതി. വീടിന്റെ മുന്‍ വാതില്‍ തകര്‍ത്തും മുറികള്‍ മുഴുവന്‍ അരിച്ചുപെറുക്കിയായിരുന്നു മോഷണം. പകല്‍ പതിനൊന്നുമണിയോടെ ഇബ്രാഹിമിന്റെ ഭാര്യ പുറത്തുപോയ സമയത്താണ് കവര്‍ച്ച നടന്നതെന്നും പരാതിയില്‍ ഉണ്ടായിരുന്നു. എന്നാല്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ കവര്‍ച്ച നടന്നുവെന്ന് പറയപ്പെടുന്ന സമയത്ത് ആരും എത്തിയിരുന്നില്ലെന്ന് ഉറപ്പിച്ചു. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ കളമശേരി സ്വദേശിയായ ഉസ്താദ് എന്ന് വിളിക്കുന്ന അന്‍വറിനെ ഇടയ്ക്കിടെ ഇവിടെ വന്നിരുന്നതായും കണ്ടെത്തി. ഇയാളെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കവര്‍ച്ചാ നാടകം പുറത്തുവന്നത്. മന്ത്രവാദം എന്ന പേരിലാണ് കവര്‍ച്ച നടന്ന വീട്ടിലെ വീട്ടമ്മയുമായി ഇയാള്‍ പരിചയപ്പെടുന്നത്. തുടര്‍ന്ന് വീട്ടില്‍ സ്വര്‍ണവും പണവും ഉണ്ടെന്ന് മനസിലാക്കി. സ്വര്‍ണം വീട്ടിലിരിക്കുന്നത് ഭര്‍ത്താവിന്റെയും മക്കളുടെയും ജീവന് ഭീഷണിയാണെന്ന് ഇയാള്‍ വീട്ടമ്മയെ പറഞ്ഞ് വിശ്വസിച്ചു. രണ്ട് വര്‍ഷത്തിനുള്ളില്‍ ആറ് തവണയായി മുഴുവന്‍ പണവും സ്വര്‍ണയും ഇയാള്‍ കൈക്കലാക്കി. വീട്ടമ്മ തന്നെയാണ് ഇതെടുത്തുകൊണ്ടുപോയി അന്‍വറിന് കൈമാറിയത്.

പിന്നീട്, പണവും സ്വര്‍ണവും തീര്‍ന്നതോടെ ഭര്‍ത്താവിനോട് എന്ത് മറുപടി പറയുമെന്ന ആശങ്കയിലായി വീട്ടമ്മ. ഒടുവില്‍ അന്‍വര്‍ തന്നെയാണ് കവര്‍ച്ചാ നാടകം ആസൂത്രണം ചെയ്തത്. വീടിന്റെ മുന്‍ വാതില്‍ തകര്‍ക്കാന്‍ ഇയാള്‍ വീട്ടമ്മയോട് ആവശ്യപ്പെട്ടു. വീട്ടിലെ അലമാരകളും മുറികളും അലങ്കോലമാക്കിയിടാനും നിര്‍ദ്ദേശം. കവര്‍ച്ച നടന്നതായി വരുത്തുകയായിരുന്നു ലക്ഷ്യം. താന്‍ പുറത്തുപോയ സമയം വീട്ടില്‍ കവര്‍ച്ച നടന്നെന്ന് വീട്ടമ്മ ഭര്‍ത്താവിനോട് പറഞ്ഞതോടെയാണ് പൊലീസില്‍ പരാതി എത്തിയത്. നഷ്ടപ്പെട്ട സ്വര്‍ണത്തില്‍ ഏറിയും പങ്കും അന്‍വര്‍ വിറ്റതായി കണ്ടെത്തി. ഒന്നരലക്ഷം രൂപയും കുറച്ച് സ്വര്‍ണവും കണ്ടെത്തിയിട്ടുണ്ട്.

You may also like

Leave a Comment