‘കിരീടം നഷ്ടമായിട്ടില്ല’, ആറന്മുളയിലുണ്ടെന്ന് കെ ജയകുമാര്‍; തിരുവാഭരണം കമ്മീഷണര്‍ വിശദീകരണം നല്‍കും

ശബരിമലയില്‍ ഭക്തര്‍ സമര്‍പ്പിച്ച സ്വര്‍ണക്കിരീടം നഷ്ടമായിട്ടില്ലെന്ന് വ്യക്തമാക്കി തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ് കെ ജയകുമാര്‍

പത്തനംതിട്ട: ശബരിമലയില്‍ ഭക്തര്‍ സമര്‍പ്പിച്ച സ്വര്‍ണക്കിരീടം നഷ്ടമായിട്ടില്ലെന്ന് വ്യക്തമാക്കി തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ് കെ ജയകുമാര്‍. കിരീടം ശബരിമലയില്‍ ഇല്ലെങ്കില്‍ ആറന്‍മുളയിലുണ്ടാവണമെന്നും തിരുവാഭരണം കമ്മീഷണര്‍ നല്‍കുന്ന വിവരമനുസരിച്ച് കിരീടം ആറന്‍മുളയിലുണ്ട്, ആറന്‍മുളയിലുണ്ടെന്ന് ഉറപ്പ് വരുത്തും. ഇക്കാര്യം വിശദീകരിക്കാന്‍ തിരുവാഭരണം കമ്മിഷണറെ വിളിപ്പിച്ചിട്ടുണ്ട് എന്നും കെ ജയകുമാര്‍ പ്രതികരിച്ചു.

നഷ്ടപ്പെട്ടെന്ന് കരുതിയ സ്വര്‍ണക്കിരീടം സുരക്ഷിതമായുണ്ടെന്ന് ദേവസ്വം ബോര്‍ഡ് നേരത്തെ തന്നെ വിശദീകരിച്ചിരുന്നു. വിഷയത്തില്‍ തിരുവാഭരണം കമ്മീഷണര്‍ ബോര്‍ഡിന് വിശദീകരണവും നല്‍കി. മറ്റു ചില വസ്തുക്കളുമായി ബന്ധപ്പെട്ട സംശയം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും അതില്‍ പരിശോധന തുടരും എന്നുമാണ് വിവരം. തമിഴ്‌നാട്ടില്‍ നിന്നുള്ള ഭക്തര്‍ 2012 ല്‍ സമര്‍പ്പിച്ച 55. 72 പവന്‍ തൂക്കമുള്ള സ്വര്‍ണക്കിരീടം കാണാതായി എന്നായിരുന്നു പുറത്തുവന്ന വിവരം. നിലവില്‍ കിരീടം നഷ്ടമായിട്ടില്ല എന്നാണ് ബോര്‍ഡ് പറയുന്നത്.

Scroll to Top