തിരുവനന്തപുരം: PSC പരീക്ഷ ക്രമക്കേടില്‍ എസ് ഐ ടി ഹൈക്കോടതിയിലേക്ക്. അന്വേഷണ വിവരം ഹൈക്കോടതിയെ ബോധിപ്പിക്കാന്‍ ക്രൈം ബ്രാഞ്ച്. എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പിഎസ്സി കോടതിയെ സമീപിച്ചതിന്റെ പശ്ചാത്തലത്തിലാണ് നീക്കം. അന്വേഷണവുമായി പിഎസ്സി സഹകരിക്കുന്നില്ല എന്നതടക്കമുള്ള കാര്യങ്ങള്‍ കോടതിയെ അറിയിക്കും
സര്‍ക്കാര്‍ പ്ലീഡര്‍ വഴി വിവരങ്ങള്‍ ഹൈക്കോടതിയെ അറിയിക്കും. ഉത്തര കടലാസ്സുകള്‍ കണ്ടുകെട്ടുന്നതിനുള്ള നടപടികള്‍ ക്രൈംബ്രാഞ്ച് ആരംഭിച്ചു. സര്‍വര്‍ ലോഗിന്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ നീക്കം.ഭരണഘടനാ സ്ഥാപനമായ പിഎസ് സിയിലെ അംഗങ്ങളെ അന്വേഷണ പരിധിയില്‍ കൊണ്ടുവരാന്‍ ക്രൈംബ്രാഞ്ചിന് അധികാരമില്ലെന്ന് പിഎസ്സി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ വാദിക്കുന്നു. തുടര്‍ നടപടികള്‍ സ്റ്റേ ചെയ്യണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
മൂല്യനിര്‍ണയത്തിലുണ്ടായ പിഴവ് സാങ്കേതിക പിഴവ് മാത്രമാണ്. ഒഎസ്എമ്മില്‍ വന്ന പിഴവാണത്. അതു തിരുത്താന്‍ ശ്രമിച്ചു വരികയാണ്. അതിനുള്ള അനുമതി കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ നല്‍കിയിട്ടുണ്ട്. പി എസ് സി അംഗങ്ങളെ ഇതിന്റെ പേരില്‍ കുറ്റവാളികളായി കണക്കാക്കി, എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് ചോദ്യം ചെയ്യാന്‍ സംസ്ഥാന ക്രൈംബ്രാഞ്ചിന് അധികാരമില്ലെന്നും പിഎസ് സി അംഗങ്ങള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദിക്കുന്നു.
പിഎസ് സി ഭരണഘടനാ സ്ഥാപനമാണ്. അതിലെ അംഗങ്ങളെ നിയമിക്കുന്നത് ഗവര്‍ണറാണ്. ജീവനക്കാരെ നിയമിക്കുന്നത് പിഎസ് സി കമ്മീഷനാണ്. അതിനാല്‍ അംഗങ്ങള്‍ക്കും ജീവനക്കാര്‍ക്കുമെതിരെ അന്വേഷണം നടത്താന്‍ സര്‍ക്കാരിന് അധികാരമില്ല. പ്രഥമദൃഷ്ട്യാ കേസ് നിലനില്‍ക്കില്ലെന്നും പിഎസ് സി ചെയര്‍മാനും അംഗങ്ങളും ഹര്‍ജിയില്‍ വാദിക്കുന്നു. എന്നാല്‍ പി എസ് സി അംഗങ്ങള്‍ അന്വേഷണ പരിധിയില്‍ വരുമെന്നാണ് സര്‍ക്കാര്‍ നിലപാട്.




