ശബരിമല നെയ്യ് വില്‍പന ക്രമക്കേട്: ദേവസ്വം ബോര്‍ഡിന് 17.14 ലക്ഷം നഷ്ടം ഉണ്ടായെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്

കൊച്ചി: ശബരിമല ആടിയ ശിഷ്ടം നെയ്യ് വില്‍പന ക്രമക്കേടില്‍ ദേവസ്വം ബോര്‍ഡിന് 17.14 ലക്ഷം നഷ്ടം ഉണ്ടായെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്. ജീവനക്കാരുടെ അശ്രദ്ധയാണ് നഷ്ടത്തിന് വഴിവെച്ചത് എന്നും കണ്ടെത്തല്‍. വിജിലന്‍സ് റിപ്പോര്‍ട്ടിന്മേല്‍ തുടര്‍ നടപടികള്‍ക്ക് ഹൈക്കോടതി അനുമതി നല്‍കി. 2025 നവംബര്‍ 16 മുതല്‍ ഡിസംബര്‍ 27 വരെയുള്ള വില്‍പനയിലാണ് നഷ്ടം. എന്നാല്‍ ജീവനക്കാര്‍ വ്യക്തിപരമായി പണം തട്ടിയെടുത്തതായി തെളിവില്ല.

ഒന്നാം പ്രതി ഒഴികെയുള്ളവര്‍ക്കെതിരെ തട്ടിപ്പ് തെളിയിക്കാനും സാധിച്ചില്ല. ജീവന്കരുടെ ഗുരുതരമായ അശ്രദ്ധയാണ് നഷ്ടത്തിന് കാരണമെന്ന് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഉല്‍പാദനം മുതല്‍ വില്‍പന വരെ വിവിധ ഘട്ടങ്ങളില്‍ വീഴ്ച ഉണ്ടായി. എന്നാല്‍ പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കാന്‍ ഇത് അപര്യാപ്തമാണ്. അതുകൊണ്ട് തന്നെ ദേവസ്വം ബോര്‍ഡിന് അച്ചടക്ക നടപടി സ്വീകരിക്കാമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

നെയ്യ് സംഭരണ ടാങ്കുകള്‍ ശാസ്ത്രീയമായി കാലിബ്രേറ്റ് ചെയ്യണം. ഡിജിറ്റല്‍ ഫ്‌ലോ മീറ്ററും കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിംഗ് സംവിധാനവും നിര്‍ബന്ധമാക്കണം.എല്ലാ കൗണ്ടറുകളിലും ഹൈ-ഡെഫിനിഷന്‍ സിസിടിവി സ്ഥാപിക്കണം. വീഴ്ചകള്‍ ഒഴിവാക്കാന്‍ ഇത്തരം നിര്‍ദേശങ്ങള്‍ വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്. റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചു.

Scroll to Top