മണിപ്പുര്‍, നാഗാലാന്‍ഡ് , അരുണാചല്‍ പ്രദേശ് എന്നി സംസ്ഥാനങ്ങളില്‍ അഫ്സ്പ നിയമം നീട്ടി

നിലവിലെ ക്രമസമാധാനനില അവലോകനം ചെയ്ത ശേഷമാണ് കേന്ദ്ര സര്‍ക്കാര്‍ ആറുമാസത്തേക്ക് കൂടി നിയമം നീട്ടിയത്. ആഭ്യന്തര മന്ത്രാലയം വെള്ളിയാഴ്ച പുറപ്പെടുവിച്ച ഔദ്യോഗിക ഗസറ്റ് വിജ്ഞാപനത്തിലാണ് ഈ വിവരമുള്ളത്.

ഇറ്റാനഗര്‍: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ സായുധ സേന വിഭാഗങ്ങള്‍ക്ക് പ്രത്യേക അധികാരം നല്‍കുന്ന അഫ്സ്പ നിയമം നീട്ടി. മണിപ്പുര്‍, നാഗാലാന്‍ഡ് , അരുണാചല്‍ പ്രദേശ് എന്നി സംസ്ഥാനങ്ങളിലാണ് നിയമം നീട്ടിയത്. നിലവിലെ ക്രമസമാധാനനില അവലോകനം ചെയ്ത ശേഷമാണ് കേന്ദ്ര സര്‍ക്കാര്‍ ആറുമാസത്തേക്ക് കൂടി നിയമം നീട്ടിയത്. ആഭ്യന്തര മന്ത്രാലയം വെള്ളിയാഴ്ച പുറപ്പെടുവിച്ച ഔദ്യോഗിക ഗസറ്റ് വിജ്ഞാപനത്തിലാണ് ഈ വിവരമുള്ളത്. ഈ മേഖലകളിലെ ക്രമസമാധാന നിലയെക്കുറിച്ച് സമഗ്രമായ വിലയിരുത്തല്‍ നടത്തിയ ശേഷമാണ് നിയമത്തിന്റെ കാലാവധി വര്‍ധിപ്പിക്കാന്‍ കേന്ദ്രം തീരുമാനമെടുത്തത്. പ്രത്യേക അധികാര നിയമം പ്രാബല്യത്തിലുള്ള പ്രദേശങ്ങളില്‍, മുന്‍കൂട്ടി പിന്‍വലിച്ചില്ലെങ്കില്‍ ഒക്ടോബര്‍ 1 മുതല്‍ അടുത്ത ആറു മാസത്തേക്ക് കൂടി നിയമം തുടരുമെന്ന് കേന്ദ്രം വ്യക്തമാക്കുന്നു.

മണിപ്പൂരില്‍ അഞ്ച് ജില്ലകളിലായി വരുന്ന 13 പോലീസ് സ്റ്റേഷന്‍ അതിര്‍ത്തികള്‍ ഒഴികെയുള്ള സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലെല്ലാം അശാന്ത പ്രദേശമായി പ്രഖ്യാപിച്ചുള്ള ഉത്തരവ് ദീര്‍ഘിപ്പിച്ചിട്ടുണ്ട്. നാഗാലാന്‍ഡില്‍ ദിമാപ്പൂര്‍, നിയുലാന്റ്, ചുമുക്കെഡിമ, മോണ്‍, കിഫൈര്‍, നോക്ലാക്, ഫെക്, പെരെന്‍, മേലുരി എന്നീ ഒമ്പത് ജില്ലകളിലാണ് ഈ പ്രത്യേക നിയമം തുടരുക. ഇതിനുപുറമേ, വടക്കുകിഴക്കന്‍ അതിര്‍ത്തി മേഖലയായ അരുണാചല്‍ പ്രദേശിലെ ചില നിര്‍ദ്ദിഷ്ട മേഖലകളിലും അഫ്‌സ്പ ദീര്‍ഘിപ്പിച്ചിട്ടുണ്ട്.

സായുധ സേനകള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സെര്‍ച്ച് ഓപ്പറേഷനുകള്‍ നടത്താനും, കോടതി വാറന്റുകളില്ലാതെ അറസ്റ്റ് ചെയ്യാനും, ക്രമസമാധാനം നിലനിര്‍ത്താന്‍ വിപുലമായ നടപടികള്‍ സ്വീകരിക്കാനും അധികാരം നല്‍കുന്നതാണ് 1958-ലെ ഈ പ്രത്യേക നിയമം. പ്രദേശത്തെ സുരക്ഷ ഉറപ്പുവരുത്താനും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ സുരക്ഷാ സാഹചര്യം നിരീക്ഷിക്കാനുമാണ് നിയമം ആറു മാസത്തേക്ക് കൂടി അടിയന്തരമായി നീട്ടി നല്‍കിയിരിക്കുന്നത്.

Scroll to Top