കൊല്ലം: മാതാ അമൃതാനന്ദമയിയുടെ 73-ാം ജന്മദിനത്തോട് അനുബന്ധിച്ചുള്ള വിശ്വസേവാദിന പരിപാടികള്‍ക്ക് കൊല്ലം വള്ളിക്കാവിലെ അമൃതപുരിയില്‍ തുടക്കമായി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉദ്ഘാടനം നിര്‍വഹിച്ചു. കൊച്ചി, ഫരീദാബാദ് അമൃത ആശുപത്രികളില്‍ നടത്തുന്ന 20 കോടി രൂപയുടെ ചികിത്സാ സഹായ പദ്ധതികള്‍ക്കും ചടങ്ങില്‍ തുടക്കമായി. പദ്ധതിക്ക് അര്‍ഹരായവര്‍ അമിത് ഷായില്‍ നിന്ന് സാക്ഷ്യപത്രം ഏറ്റുവാങ്ങി. സ്‌നേഹത്തിന്റെ നൂലില്‍ കോര്‍ത്ത് സമൂഹത്തെ അമൃതാനന്ദമയി പരിപാലിക്കുകയാണെന്ന് അമിത് ഷാ പറഞ്ഞു.
ഈ വര്‍ഷത്തെ അമൃതകീര്‍ത്തി പുരസ്‌കാരം ഗോവ മുന്‍ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍പിള്ള ഏറ്റുവാങ്ങി. അസമിലെ പ്രളയദുരിതാശ്വാസ പ്രവര്‍ത്തന നിധിയിലേക്ക് അമൃതാന്ദമയി മഠം നല്‍കുന്ന രണ്ട് കോടി രൂപയുടെ ധനസഹായം അസം വിദ്യാഭ്യാസ മന്ത്രി ഡോ. രനോജ് പെഗുവിന് കൈമാറി. ചടങ്ങില്‍ മന്ത്രിമാര്‍, എംഎല്‍എമാര്‍, മറ്റ് ജനപ്രതിനിധികള്‍, സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. അമൃതാനന്ദമയിയുടെ പിറന്നാള്‍ ദിനമായ നാളെ നടക്കുന്ന ചടങ്ങില്‍ ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്‍ വിശിഷ്ടാതിഥിയായി പങ്കെടുക്കും




