മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ടൈറ്റില്‍ സ്‌പോണ്‍സര്‍, പ്രഖ്യാപനവുമായി ബിസിസിഐ; 2028 മാര്‍ച്ച് വരെ കരാര്‍

മുംബൈ: പ്രമുഖ സ്വര്‍ണ വായ്പ ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ലിമിറ്റഡിനെ തങ്ങളുടെ ടൈറ്റില്‍ സ്‌പോണ്‍സറായി പ്രഖ്യാപിച്ച് ബിസിസിഐ. ഇന്ത്യയിലെ ആഭ്യന്തര, അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങളുടെ ടൈറ്റില്‍ സ്‌പോണ്‍സറാകാന്‍ മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ലിമിറ്റഡും ബിസിസിഐയും തമ്മില്‍ കരാറിലെത്തിയത്. 2028 മാര്‍ച്ച് വരെ ആണ് കരാര്‍. മുത്തൂറ്റ് ഫിന്‍കോര്‍പ്പിന്റെ പ്രധാന നിറമായ നീല, ഇന്ത്യന്‍ ക്രിക്കറ്റിലെ ‘മെന്‍ ആന്‍ഡ് വുമണ്‍ ഇന്‍ ബ്ലൂ’ എന്ന ആശയവുമായി തികച്ചും അനുയോജ്യമാണെന്ന് ബിസിസിഐ പ്രസിഡന്റ് മിഥുന്‍ മന്‍ഹാസ് വ്യക്തമാക്കി. മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പുമായുള്ള സഹകരണം നേട്ടമാകുമെന്ന് ബിസിസിഐ സെക്രട്ടറി ദേവജിത് സൈക്കിയ പറഞ്ഞു.

ഞായറാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് ആദ്യ ഏകദിന മത്സരത്തോടെ ഈ പുതിയ സ്‌പോണ്‍സര്‍ഷിപ്പ് ആരംഭിക്കും. ഇന്ത്യയിലെ പുരുഷ-വനിതാ സീനിയര്‍ ടീമുകള്‍, ഇന്ത്യ ‘എ’, ‘ബി’ ടീമുകള്‍, അണ്ടര്‍-19 ടീമുകള്‍ എന്നിവയുടെ മത്സരങ്ങള്‍ക്കും കൂടാതെ രഞ്ജി ട്രോഫി, ദുലീപ് ട്രോഫി, വിജയ് ഹസാരെ ട്രോഫി, സയ്യിദ് മുഷ്താഖ് അലി ട്രോഫി തുടങ്ങിയ പ്രധാന ആഭ്യന്തര ടൂര്‍ണമെന്റുകള്‍ക്കും മുത്തൂറ്റ് ഫിന്‍കോര്‍പ്പ് തന്നെയായിരിക്കും മുഖ്യ സ്‌പോണ്‍സര്‍മാര്‍.

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ജനപ്രീതിയും മുത്തൂറ്റ് ഫിന്‍കോര്‍പ്പിന്റെ രാജ്യവ്യാപകമായ സാന്നിധ്യവും ഒത്തുചേരുന്ന ഈ പങ്കാളിത്തത്തെ ബിസിസിഐ ഭാരവാഹികളായ പ്രസിഡന്റ് മിഥുന്‍ മന്‍ഹാസ്, സെക്രട്ടറി ദേവാജിത് സൈകിയ, വൈസ് പ്രസിഡന്റ് രാജീവ് ശുക്ല, ട്രഷറര്‍ എ രഘുറാം ഭട്ട്, ജോയിന്റ് സെക്രട്ടറി പ്രഭ്‌തേജ് ഭാട്ടിയ എന്നിവര്‍ സ്വാഗതം ചെയ്തു. ബിസിസിഐയുമായുള്ള പങ്കാളിത്തം ഇന്ത്യയിലെ ജനങ്ങളുമായി സംവദിക്കാനുള്ള സ്വഭാവിക മാര്‍ഗം എന്ന് മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ലിമിറ്റഡ് ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ തോമസ് ജോര്‍ജ് മുത്തൂറ്റ് വിശേഷിപ്പിച്ചു. എല്ലാ തരം ക്രിക്കറ്റ് പ്രേമികളിലേക്കും എത്തിച്ചേരാന്‍ ഈ വന്‍ പങ്കാളിത്തം സഹായിക്കുമെന്ന് സിഇഒ ഷാജി വര്‍ഗീസും അഭിപ്രായപ്പെട്ടു.

Scroll to Top