കോഴിക്കോട്: അധ്യാപികമാര്‍ ഉള്‍പ്പെട്ട വടകര എംഡിഎംഎ കേസില്‍ നാലാം പ്രതിക്ക് ജാമ്യം. മേപ്പയ്യൂര്‍ സ്വദേശി വി പി നീഷ്മക്കാണ് ജാമ്യം ലഭിച്ചത്. പേരാമ്പ്ര ബിആര്‍സിയിലെ അധ്യാപികയാണ് നീഷ്മ.
അതിനിടെ, കേസിലെ രണ്ടാം പ്രതി കീര്‍ത്തനയ്ക്ക് കുത്തേറ്റു. ഗുരുതര പരിക്കേറ്റ കീര്‍ത്തനയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കീര്‍ത്തനയുടെ പങ്കാളി പേരാമ്പ്ര സ്വദേശി ജിനീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസ് സ്റ്റേഷനില്‍ ഒപ്പിടാനെത്തിയപ്പോഴായിരുന്നു ആക്രമണം.
രാവിലെ പത്ത് മണിയോടെ വടകര പോലീസ് സ്റ്റേഷന്‍ വളപ്പിലായിരുന്നു നാടകീയ സംഭവങ്ങള്‍. ഹൈക്കോടതി ജാമ്യവ്യവസ്ഥയുടെ ഭാഗമായി ഒപ്പിട്ട് മടങ്ങുകയായിരുന്ന കീര്‍ത്തനയെ പിന്നാലെയെത്തിയ ജിനീഷ് കത്തി ഉപയോഗിച്ച് കുത്തിവീഴ്ത്തുകയായിരുന്നു. വയറ്റിലും കഴുത്തിലുമുള്‍പ്പെടെ അഞ്ചോളം കുത്തുകളാണ് കീര്‍ത്തനയ്ക്ക് ഏറ്റത്. ഇതില്‍ കഴുത്തിനേറ്റ പരിക്ക് ഗുരുതരമാണ്. ആക്രമണത്തിന് പിന്നാലെ പോലീസ് ജിനീഷിനെ കസ്റ്റഡിയിലെടുത്തിരുന്നു.
കീര്‍ത്തനയെ വധിക്കാന്‍ ലക്ഷ്യമിട്ടാണ് താന്‍ എത്തിയതെന്ന് ജിനീഷ് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ തനിക്കെതിരെ അപകീര്‍ത്തികരമായി പോസ്റ്റിട്ടതും, കീര്‍ത്തനയുടെ സുഹൃത്തുക്കള്‍ നിരന്തരം ഭീഷണിപ്പെടുത്തിയതുമാണ് പ്രതിയെ പ്രകോപിതനാക്കിയത്. കൂടാതെ കീര്‍ത്തന എം.ഡി.എം.എ കേസില്‍ ഉള്‍പ്പെട്ടതും ആക്രമണത്തിന് കാരണമായി.




