ഹോര്‍മുസ് തുറക്കാമെന്ന ഇറാന്റെ സമാധാന ഉപാധി തള്ളി ട്രംപ്, ഹോര്‍മുസില്‍ പൂര്‍ണ നിയന്ത്രണം യുഎസിനെന്നും പ്രസിഡന്റ്; സൈനിക നടപടിക്കില്ലെന്ന് ഇറാന്‍

വാഷിംഗ്ടണ്‍: ഏഴ് ദിവസത്തിനകം ഹോര്‍മുസ് കടലിടുക്ക് തുറക്കാമെന്നുള്ള ഇറാന്റെ സമാധാന നിര്‍ദേശം അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തള്ളി. നേരത്തെ വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തത് പിന്നീട് ട്രംപും ശരിവയ്ക്കുകയായിരുന്നു. തങ്ങള്‍ക്കുണ്ടായ വന്‍ സാമ്പത്തിക നഷ്ടം നികത്താനാണ് ഹോര്‍മുസ് തുറക്കാമെന്ന വാഗ്ദാനവുമായി ഇറാന്‍ എത്തിയിരിക്കുന്നതെന്ന് ട്രംപ് അഭിപ്രായപ്പെട്ടു. ഹോര്‍മുസ് കടലിടുക്കിന്റെ പൂര്‍ണ്ണ നിയന്ത്രണം നിലവില്‍ അമേരിക്കയ്ക്കാണെന്ന് അവകാശപ്പെട്ട അദ്ദേഹം ഇറാന്‍ ഇപ്പോള്‍ മുന്നോട്ടുവച്ച സമാധാന ഉപാധികള്‍ അംഗീകരിക്കാന്‍ തയ്യാറല്ലെന്നും കൂട്ടിച്ചേര്‍ത്തു. ഇതോടെ മേഖലയില്‍ വീണ്ടും സംഘര്‍ഷ സാധ്യത വര്‍ധിക്കുമോ എന്നത് കണ്ടറിയണം.

സൈനിക നടപടിക്കില്ലെന്ന് ഇറാന്‍
അമേരിക്കന്‍ നിലപാടിന് പിന്നാലെ വ്യോമ ഉപരോധത്തിനെതിരെ സൈനിക നടപടിക്ക് ഇല്ലെന്ന് ഇറാനും വ്യക്തമാക്കി. മറ്റ് രാജ്യങ്ങളോട് ഇളവ് ആവശ്യപ്പെടുമെന്നും മറ്റ് നടപടികള്‍ ആലോചിക്കുമെന്നും ഇറാന്‍ വ്യക്തമാക്കി. അതേസമയം ഇനി ചര്‍ച്ചകള്‍ക്കില്ലെന്നും തങ്ങള്‍ മുന്നോട്ടുവെച്ച ഏഴ് ഉപാധികള്‍ അംഗീകരിക്കുക മാത്രമാണ് യു എസിന് മുന്നിലുള്ള വഴിയെന്നും നേരത്തെ ഇറാന്റെ ദേശീയ പരമാധികാര സുരക്ഷാ കൗണ്‍സില്‍ സെക്രട്ടറി പ്രതികരിച്ചിരുന്നു. അമേരിക്ക ഉപാധികള്‍ അംഗീകരിക്കുന്നതുവരെ ഹോര്‍മൂസ് തുറക്കില്ല. നേരത്തെ 7 ദിവസത്തെ സമാധാന നിര്‍ദേശത്തിന് പരമോന്നത നേതാവിന്റെ പിന്തുണയുണ്ടെന്ന് ഇറാന്‍ പ്രസിഡന്റും വ്യക്തമാക്കിയിരുന്നു.

അമേരിക്കക്കും വെല്ലുവിളി
മറുവശത്ത് മേഖലയിലെ സൈനിക നടപടികള്‍ അമേരിക്കയ്ക്കും കടുത്ത വെല്ലുവിളിയാകുന്നുണ്ട്. അമേരിക്കന്‍ പടക്കപ്പലായ ജോര്‍ജ് വാഷിങ്ടണിന് മുകളില്‍ മിസൈല്‍ സ്‌ഫോടനം നടത്തിയെന്നും പിടിച്ചെടുത്ത യു എസ് അന്തര്‍വാഹിനി റിവേഴ്‌സ് എന്‍ജിനീയറിങ് നടത്തുകയാണെന്നും ഇറാന്‍ അവകാശപ്പെട്ടു. കൂടാതെ ദീര്‍ഘകാലമായി യുദ്ധദൗത്യത്തിലുള്ള ഏബ്രഹാം ലിങ്കണ്‍ പടക്കപ്പലിലെ എട്ട് അമേരിക്കന്‍ സൈനികര്‍ ആത്മഹത്യക്ക് ശ്രമിച്ചതായി സി എന്‍ എന്‍ റിപ്പോര്‍ട്ട് ചെയ്തു. കടുത്ത ഉപരോധങ്ങള്‍ക്കിടയിലും ഡ്രോണ്‍ നിര്‍മ്മാണം ലക്ഷ്യമിട്ട് ചൈന ഈ വര്‍ഷം ആദ്യ ആറുമാസത്തിനിടെ 1300 ഷിപ്‌മെന്റുകള്‍ ഇറാനിലേക്ക് അയച്ചതായും വാള്‍ സ്ട്രീറ്റ് ജേണല്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

Scroll to Top