ശബരിമല ഇ- ടെന്‍ഡര്‍ അട്ടിമറിച്ചു, ഉദ്യോഗസ്ഥര്‍ കരാറുകാരെ സഹായിച്ചു; ദേവസ്വം വിജിലന്‍സിന്റെ കണ്ടെത്തല്‍

തിരുവനന്തപുരം: ശബരിമല ഇ- ടെന്‍ഡര്‍ അട്ടിമറിച്ചെന്ന് ദേവസ്വം വിജിലന്‍സിന്റെ കണ്ടെത്തല്‍. ഉദ്യോഗസ്ഥര്‍ കരാറുകാരെ സഹായിച്ചെന്ന് ദേവസ്വം വിജിലന്‍സ്. 110 കടകളുടെ ലേല വിവരം ചോര്‍ന്നതിന് പിന്നാലെ ടെന്‍ഡര്‍ നടപടി നിര്‍ത്തിവെച്ചിരുന്നു. ഉദ്യോഗസ്ഥരുടെ മൊഴി വിജിലന്‍സ് രേഖപ്പെടുത്തും ഈ ആഴ്ച കടകളുടെ ലേലം വീണ്ടും നടക്കും.

മണ്ഡല കാലത്ത് കച്ചവടത്തിനായി കടകള്‍ നല്‍കുന്നതിന് നിശ്ചയിച്ചിരുന്ന ഇ- ലേലമാണ് റദ്ദാക്കി. ടെന്‍ഡര്‍ നടപടികള്‍ പുരോഗമിക്കുന്നതിനിടെ രേഖകളുടെ രഹസ്യ സ്വഭാവം നഷ്ടമായി എന്ന കണ്ടെത്തലിനെ തുടര്‍ന്നായിരുന്നു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നടപടി. സെപ്തംബര്‍ 29 നാണ് ഇ – ലേലം നടത്താന്‍ നിശ്ചയിച്ചിരുന്നത്.

ഓരോ കടയിലേക്കും ടെന്‍ഡറില്‍ പങ്കെടുത്ത ആളുകളുടെ പേര് വിവരമാണ് പുറത്തായത്. ഇതേത്തുടര്‍ന്ന്, ഇനി ഇ – ലേലം നടത്തിയാല്‍ ഫലപ്രദമായിരിക്കില്ല എന്നതിനാലാണ് ഇ- ലേലവും ടെന്‍ഡറും റദ്ദാക്കുന്നത്. പ്രസ്തുത 110 കടകള്‍ക്കായി റീ ടെന്‍ഡര്‍ നടത്തും. ടെന്‍ഡര്‍ നടപടികളുടെ രഹസ്യ സ്വഭാവം നഷ്ടപ്പെട്ടതിനെ കുറിച്ച് ദേവസ്വം വിജിലന്‍സ് ആന്‍ഡ് ചീഫ് സെക്യൂരിറ്റി ഓഫീസര്‍ അന്വേഷണം നടത്തും. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.

Scroll to Top