മലപ്പുറം: ലഹരിക്കെതിരെ ആഭ്യന്തര വകുപ്പിന്റെ തൂഫാന്‍ ദ നാര്‍കോ ഹണ്ട് രണ്ടാം ഘട്ടത്തിലേക്ക്. ലഹരിക്കെതിരെയുള്ള പോരാട്ടം ഒരോ വാര്‍ഡുകളിലേക്കും വ്യാപിപ്പിക്കാന്‍ ലക്ഷ്യമിട്ടിട്ടുള്ള തൂഫാന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ഓരോ വാര്‍ഡിലും തൂഫാന്‍ ജനജാഗ്രത സമിതി രൂപീകരിച്ചാകും ലഹരിവിരുദ്ധ നടപടി.
ഇതുവരെ 11677 കേസുകള്‍. ആരംഭിച്ച് 117 ദിവസം പിന്നീടുമ്പോള്‍ തന്നെ വന്‍ വിജയം. രണ്ടാം ഘട്ടത്തില്‍ വാര്‍ഡുകളിലേക്ക് നേരിട്ടിറങ്ങുകയാണ് തൂഫാന്‍ വാരിയേഴ്‌സ്. സ്വതന്ത്രമായ നീതി നിര്‍വഹണം നടത്താന്‍ പോലീസിന് അനുവാദം നല്‍കിയതുകൊണ്ടാണ് പദ്ധതി വന്‍ വിജയമായതെന്നും സ്ത്രീകള്‍ ഒറ്റക്കെട്ടായി നിന്നതാണ് ഒന്നാം ഘട്ടത്തിലെ വലിയ വിജയത്തിന്റെ കാരണമെന്നും തൂഫാന്‍ രണ്ടാം ഘട്ടം ഉദ്ഘാടനം ചെയ്ത് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
രണ്ടാം ഘട്ടത്തില്‍ വാര്‍ഡുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പുറമെ ക്യാമ്പസുകളിലേക്കും തൂഫാന്‍ വ്യാപിപ്പിക്കും. മൂന്ന് ഘട്ടങ്ങളുള്ള ഓപ്പറേഷന്‍ തൂഫാന്റെ അടുത്ത ഘട്ടമാണ് അതി നിര്‍ണ്ണായകം. തൂഫാന്‍ കെയറിലൂടെ ലഹരിക്കെണിയില്‍ വീണവരെ മോചിപ്പിക്കുകയാണ് ലക്ഷ്യം. നേരത്തെ എസ്‌കെഎന്‍ ഫോര്‍ട്ടി കേരളയാത്രയാണ് ഓപ്പറേഷന്‍ തൂഫാന്‍ പദ്ധതിക്ക് വഴിയൊരുക്കിയതെന്ന് ആഭ്യന്തരമന്ത്രി വ്യക്തമാക്കിയിരുന്നു.




