സംസ്ഥാനത്ത് ഇന്‍ഫ്‌ലുവന്‍സ കേസുകളും മരണനിരക്കും കുത്തനെ വര്‍ധിക്കുന്നു. പനി, ശരീരവേദന തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികിത്സ തേടണമെന്നും കൊതുക് നശീകരണത്തിന് മുന്‍ഗണന നല്‍കണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.
തിരുവനന്തപുരം: സംസ്ഥാനത്ത് പനി കേസുകളില്‍ കുത്തനെ വര്‍ധന. ഈ മാസം ഇതുവരെ 20 ഇന്‍ഫ്‌ലുവന്‍സ മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ നാല് മരണവും 724 രോഗബാധയുമാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഈ മാസം ഇന്‍ഫ്‌ലുവന്‍സ രോഗികളുടെ എണ്ണം 251 ആയി വര്‍ധിച്ചു. ഈ വര്‍ഷം ഇതുവരെ 11,021 പേര്‍ക്ക് ഇന്‍ഫ്‌ലുവന്‍സ ബാധിക്കുകയും 119 പേര്‍ മരിക്കുകയും ചെയ്തുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇന്‍ഫ്‌ലുവന്‍സ കേസുകള്‍ 6182 ആയിരുന്നു. 40 മരണമാണ് കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തത്. ഇന്‍ഫ്‌ലുവന്‍സ മരണം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഈ വര്‍ഷം ഇരട്ടിയായി എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
പനി വന്നാല്‍ എന്തൊക്കെ ശ്രദ്ധിക്കണം
പനി, ശരീരവേദന, ജലദോഷം ലക്ഷണങ്ങള്‍ അവഗണിക്കരുത്, ഇന്‍ഫ്‌ലുവന്‍സയാകാം, ശ്രദ്ധ വേണം.
ഇന്‍ഫ്‌ലുവന്‍സ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികിത്സ തേടണം, സ്വയം ചികിത്സ പാടില്ല.
രോഗലക്ഷണങ്ങളുണ്ടെങ്കില്‍ പൂര്‍ണ്ണവിശ്രമം.
ധാരാളം വെള്ളം കുടിയ്ക്കണം.
രോഗമുണ്ടെങ്കില്‍ മാസ്‌ക് ധരിക്കുക. പ്രതിരോധശേഷി കുറഞ്ഞവരും മാസ്‌ക് ധരിക്കുക.
പ്രായമായവരെയും കുട്ടികളെയും പ്രത്യേകം ശ്രദ്ധിക്കുക.
പനിയുള്ള കുട്ടികളെ സ്‌കൂളുകളിലേക്ക് അയക്കരുത്.
മരുന്ന് കഴിക്കാന്‍ മടിക്കരുത്.
ഡെങ്കിപ്പനിയിലും ജാഗ്രത വേണം
വെള്ളം കെട്ടിക്കിടക്കാന്‍ അനുവദിക്കരുത്. കൊതുക് പടരുന്ന് തടയണം. ഇടവിട്ടുള്ള മഴക്കാലത്ത് ഈഡിസ് കൊതുകുകള്‍ പെരുകാം. ഡ്രൈ ഡേ കൃത്യമായി പാലിക്കണം. വെള്ളിയാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ശനിയാഴ്ച്ച തൊഴിലിടങ്ങളിലും ഞായറാഴ്ച്ച വീടുകകളിലും ഡ്രൈ ഡേ നടത്തണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം. കൊതുക് പ്രജനന സാദ്ധ്യതയുള്ള ഉറവിടങ്ങള്‍ നശിപ്പിക്കണം. ഫ്രിഡ്ജിന്റെ പുറകിലെ ട്രെ, ചെടിച്ചട്ടിയുടെ അടിയിലെ പാത്രങ്ങള്‍, വെള്ളത്തില്‍ വളര്‍ത്തുന്ന അലങ്കാര ചെടി പാത്രങ്ങള്‍, ഉപയോഗിക്കാത്ത ക്ലോസെറ്റ് ഇതില്ലെല്ലാം കണ്ണ് വേണം. ഉപയോഗശൂന്യമായ പാത്രം, ചിരട്ട, കുപ്പി വലിച്ചെറിയരുത്. ടെറസ്, സണ്‍ഷേഡ്, റൂഫിന്റെ പാത്തി തുടങ്ങിയവയില്‍ വെള്ളം കെട്ടി നില്‍ക്കാതെ സൂക്ഷിക്കണം. വെള്ളം ശേഖരിക്കുന്ന പാത്രങ്ങളും ടാങ്കുകളും മൂടിവെയ്ക്കണം. കൊതുക് കടി ഏല്‍ക്കാതിരിക്കാന്‍ സ്വയം ശ്രദ്ധിക്കണം. രണ്ടാമതും ഡെങ്കി വന്നാല്‍ ഗുരുതരമാകാം.




