രണ്ടാം ഏകദിനത്തിലും ഇന്ത്യക്ക് നിര്‍ണായക ടോസ്, 4 മാറ്റങ്ങളോടെ വിന്‍ഡീസ്, ഇന്ത്യന്‍ ടീമില്‍ ഒരു മാറ്റം

ഗുവാഹത്തിയിലെ ബര്‍സപാര സ്റ്റേഡിയത്തിലെ പിച്ച് മുന്‍ മത്സരവേദിയെ അപേക്ഷിച്ച് കൂടുതല്‍ പുല്ലുള്ളതാണെന്നും പച്ചപ്പു നിറഞ്ഞ പ്രതലമായതിനാല്‍ തുടക്കത്തില്‍ ഫാസ്റ്റ് ബൗളര്‍മാര്‍ക്ക് മികച്ച പിന്തുണ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഗില്‍ വ്യക്തമാക്കി
ഗുവാഹത്തി: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലും ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. കാര്യവട്ടത്ത് ആദ്യ മത്സരം കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ് ഇന്ത്യ രണ്ടാം മത്സരത്തിനിറങ്ങുന്നത്. ഓള്‍ റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡിക്ക് പകരം പേസര്‍ ആഖിബ് നബി ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തി. അതേസമയം, ആദ്യ മത്സരം തോറ്റ ടീമില്‍ മൂന്ന് മാറ്റങ്ങളോടെയാണ് വിന്‍ഡീസ് ഇറങ്ങുന്നത്. ആദ്യ മത്സരത്തില്‍ സെഞ്ചുറി നേടിയ ജസ്റ്റിന്‍ ഗ്രീവ്സ് പരിക്കിനെ തുടര്‍ന്ന് പുറത്തായപ്പോള്‍ ജ്യുവല്‍ ആന്‍ഡ്ര്യു, മാത്യു ഫോര്‍ഡ്, ഗുഡകേഷ് മോടി എന്നിവരും പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്തായി. പകരക്കാരായി ഷമര്‍ ജോസഫ്, വിറ്റല്‍ ലോസ്, കീമോ പോള്‍ എന്നിവര്‍ വിന്‍ഡീസിന്റെ പ്ലേയിംഗ് ഇലവനിലെത്തി.

ഗുവാഹത്തിയിലെ ബര്‍സപാര സ്റ്റേഡിയത്തിലെ പിച്ച് മുന്‍ മത്സരവേദിയെ അപേക്ഷിച്ച് കൂടുതല്‍ പുല്ലുള്ളതാണെന്നും പച്ചപ്പു നിറഞ്ഞ പ്രതലമായതിനാല്‍ തുടക്കത്തില്‍ ഫാസ്റ്റ് ബൗളര്‍മാര്‍ക്ക് മികച്ച പിന്തുണ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഗില്‍ വ്യക്തമാക്കി. ആദ്യ മത്സരത്തില്‍ തുടക്കത്തിലെ സമ്മര്‍ദ്ദം അതിജീവിച്ച് ടീം നടത്തിയ ശക്തമായ തിരിച്ചുവരവില്‍ സംതൃപ്തി പ്രകടിപ്പിച്ച നായകന്‍, ഗുവാഹത്തിയിലെ കടുത്ത ചൂടും ഉയര്‍ന്ന ഈര്‍പ്പവും പേസര്‍മാര്‍ക്ക് വലിയ വെല്ലുവിളിയാകുമെന്നും കൂട്ടിച്ചേര്‍ത്തു.

Scroll to Top